തൃശൂര്‍: വീട്ടുമുറ്റത്തുകൂടി ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്തടിച്ച് കയറ്റി റെക്കോര്‍ഡുമായി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടാന്‍ തയ്യാറെടുത്ത് മലയാളി കുഞ്ഞ് ഫുട്‌ബോള്‍ പ്രതിഭ. തൃശ്ശൂര്‍ സ്വദേശിയായ നാലരവയസ്സുകാരന്‍ ആരോണ്‍ റാഫേലാണ് ആ പ്രതിഭ.
കിക്ക് ഇന്റ്‌റു 2022 എന്ന ടോണി ക്രൂസ് ഗ്ലോബല്‍ കോമ്പറ്റീഷനില്‍ പങ്കെടുക്കുന്നതിനായി ഒരു ട്രിക് ഷോട്ട് അയച്ച് കൊടുക്കുന്നത് വഴിയാണ് ആരോണിന്റെ ഫുട്ബോള്‍ പരിശീലനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നത്. ഉരുണ്ട് നീങ്ങുന്ന ടയറിനുള്ളിലേക്ക് കൃത്യമായി പന്ത് അടിച്ച് കയറ്റുന്ന ആരോണിന്റെ ദൃശ്യങ്ങള്‍ കണ്ട അക്കാദമിയില്‍ നിന്ന് വിളിയെത്തി.
പത്താം മാസത്തില്‍ പിച്ചവച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരോണിന്റെ ഇഷ്ട തോഴനായിരുന്നു ഫുട്ബോള്‍. രണ്ടാം വയസ്സു മുതല്‍ ഫുട്ബോള്‍ ‘സ്‌കില്‍സ്’ കാഴ്ചവച്ചു തുടങ്ങി. ഫുട്‌ബോളിനോടുള്ള മകന്റെ ഇഷ്ടം മനസ്സിലാക്കിയ അദ്ദേഹം എല്ലാ ദിവസവും രാവിലെ മകന് പരിശീലനം നല്‍കാന്‍ തുടങ്ങി. നാലു വയസ്സ് തികഞ്ഞപ്പോള്‍ അക്കാദമിയില്‍ കൊണ്ടുപോയി.
ആരോണിന്റെ മികവു കണ്ടു ബോധ്യപ്പെട്ടാണ് ബംഗളൂരു എഫ്സിയുടെ സോക്കര്‍ സ്‌കൂള്‍ ആരോണിനെ പരിശീലനത്തിനു തിരഞ്ഞെടുത്തത്. ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയില്‍ ടോണി ക്രൂസിന്റെ ഫുട്ബോള്‍ അക്കാദമി ലോകവ്യാപകമായി ഒരു ട്രിക് ഷോട്ട് മത്സരം ഓണ്‍ലൈനായി നടത്തിയത്. അതാണ് സ്വപ്ന തുല്യമായ നേട്ടത്തിന് ആരോണിന് വഴി തുറന്നത്.
ആരോണ്‍ ടയറിനുള്ളിലേക്കു പന്തടിച്ചു കയറ്റുന്ന വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ റഫായേല്‍ കൂടുതലായൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, മത്സരത്തിന്റെ ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം നേടിയത് ആരോണിന്റെ ട്രിക് ഷോട്ട്. ഒരാഴ്ച ടോണി ക്രൂസിനൊപ്പം മഡ്രിഡില്‍ പരിശീലനമായിരുന്നു സമ്മാനം. അടുത്ത മേയില്‍ പരിശീലനം ആരംഭിക്കും.
റയല്‍ മഡ്രിഡ് ആണ് ആരോണിന്റെ ഇഷ്ട ക്ലബ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇഷ്ടതാരം. ടോണി ക്രൂസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരോണിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ഇതിനകം 4 കോടിയിലേറെപ്പേര്‍ ഇതു കണ്ടുകഴിഞ്ഞു. ചാലക്കുടി പോട്ട സ്വദേശിനിയും ബംഗളൂരുവില്‍ ഐടി പ്രഫഷനലുമായ മഞ്ജു ആണ് ആരോണിന്റെ അമ്മ. ബംഗളൂരുവില ഹാപ്പി വാലി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ് ആരോണ്‍.