അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്തമാക്കിയ ചിത്രം ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്

കൊച്ചി: വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി തിയറ്ററുകളിലേക്ക്. ഈ മാസം 26 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി ബിരിയാണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ ബാബു തന്നെയാണ്. യു എന്‍ എന്‍ ഫിലിം ഹൗസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്ര സംയോജനം അപ്പു എന്‍ ഭട്ടതിരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

2020 മുതല്‍ 50 ലേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് 20 ഓളം അവാര്‍ഡുകളാണ് ലഭിച്ചത്. ബോസ്റ്റാന്‍ണിലെ ആറാമത് കാലിഡോസ്‌കോപ് ഇന്ത്യ ഫിലിം ഫെസ്റ്റിവലില്‍ ബിരിയാണിക്ക് മികച്ച സിനിമ, മികച്ച നടി എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 42 മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്‌പെയിനിലെ ഇമാജിന്‍ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News