25.5 C
Kottayam
Thursday, May 9, 2024

ബംഗളൂരുവില്‍ മലയാളി നഴ്‌സ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

Must read

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി നഴ്സിനെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കൊല്ലം എഴുകോണ്‍ എടക്കാട് ഐശ്വര്യയില്‍ ശശിധരന്റെ മകന്‍ അതുല്‍ ശശിധര(26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്‍ രണ്ട് വര്‍ഷമായി ജോലി ചെയ്തിരുന്ന മാറത്തഹള്ളി സക്ര വേള്‍ഡ് ആശുപത്രിയിയിലെ കൊവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരുടെ പീഡനം മൂലമാണ് അതുല്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

രണ്ടുവര്‍ഷമായി ബംഗളുരുവിലെ സാഖ്റ വേള്‍ഡ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അതുല്‍ ശശിധരന്‍. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ അതുലിനെ പതിനൊന്നരയോടെ കൊവിഡ് കെയര്‍ ഐസിയുവിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതുലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അധിക ജോലി അടിച്ചേല്‍പ്പിച്ച് അതുലിനെ ആശുപത്രി അധികൃതര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ പരാതിയുമായി അതുലിന്റെ പിതാവ് രംഗത്തെത്തി. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് മാറത്തഹള്ളി പോലീസില്‍ പരാതി നല്‍കി. പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും പിതാവ് ആരോപിച്ചു.

നഴ്സുമാരുടെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതുലിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അതുലിന്റെ മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണമെന്നും കുററക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week