മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ രേഖകളില്ലാതെ പുറത്തിറങ്ങിയവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച നടപടിയാണ് മലപ്പുറത്ത് നടപ്പാക്കിത്തുടങ്ങിയത്.
റേഷന്‍ കാര്‍ഡോ, സത്യവാങ്മൂലമോ ഇല്ലാതെ മത്സ്യവും മാംസവും വാങ്ങാനെത്തിയവര്‍ക്കാണ് കോട്ടപ്പടി മാര്‍ക്കറ്റില്‍ പൊലീസിന്റെ പിടി വീണത്. നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ നേരെ കൊണ്ടുപോയത് കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്കാണ്. പരിശോധന ഫലം പോസിറ്റീവ് ആകുന്നവരെ നേരെ അയക്കുക സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും.
അനാവശ്യമായി കറങ്ങി നടന്ന് പിടിയിലാകുന്നവര്‍ക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. നിയമ നടപടികള്‍ക്ക് പുറമെയാണിത്. ഗുരുതരമായി രോഗവ്യാപനം തുടരുന്ന മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അഞ്ഞൂറിലധികം പേരാണ് പ്രതിദിനം പിടിയിലാകുന്നത്.
4,751 പേർക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തുകയുണ്ടായി. ചൊവ്വാഴ്ച ഇത് 26.57 ശതമാനമായിരുന്നു ഉണ്ടായിരുന്നത്. ഹോം ക്വാറന്‍റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ട്രിപ്പിൾ ലോക്ഡൗണിൽ ഇന്നലെ മുതൽ ചെറിയ ഇളവുകൾ ജില്ലാ കലക്ടർ അനുവദിക്കുകയുണ്ടായി. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾക്കും, വളം, കീടനാശിനി, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകുകയുണ്ടായി.