ഹേമ കമ്മറ്റിയില്‍ പോയ ഭൂരിഭാഗം പേരും അന്വേഷണവുമായി സഹകരിക്കില്ല എന്ന് മനസ്സിലാക്കിയില്ല; നട്ടെല്ലുള്ള സഹപ്രവര്‍ത്തകരും പോകാത്തത് വിസ്മയിപ്പിച്ചു; സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാമായിരുന്നു; പാര്‍വതി തിരുവോത്തിന് മറുപടിയുമായി മാലാ പാര്‍വതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പാര്‍വതി വിമര്‍ശം ഉന്നയിച്ചു രംഗത്തുവന്നത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പാര്‍വതിക്ക് ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ് നടി മാലാ പാര്‍വതി. അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പാര്‍വതി തിരുവോത്തിന്റെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമേ കാണാന്‍ സാധിക്കുകുള്ളൂ എന്ന് എഴുതിക്കൊണ്ടാണ് മാലാ പാര്‍വതി കത്ത് തുടങ്ങുന്നത്. ഫേസ്ബുക്കിലാണ് നടി കത്ത് പങ്കുവെച്ചത്.

ഹേമാ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവരാരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് പൊലീസ് കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മൊഴി ആവശ്യപ്പെട്ട് കോടതി വഴി പൊലീസ് നോട്ടീസ് അയച്ചിരുന്നു. നോട്ടീസിനും മറുപടി നല്‍കിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയില്‍ അറിയിക്കും. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ തുടരാനാണ് പൊലീസിന്റെ തീരുമാനം.

ഒരു സഹപ്രവര്‍ത്തക, എന്നോട് രഹസ്യമായി പങ്കുവച്ച ഒരു ദുരനുഭവം, Hema Committeeയുടെ മുന്നില്‍ ഞാന്‍ പറഞ്ഞത്. സിനിമയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് എനിക്കറിയാവുന്നതെല്ലാം അവരും അറിയണം എന്ന ആഗ്രഹത്തിലാണ് -നാളെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ വരുന്ന സ്ത്രീകള്‍ക്ക് ഗുണമാകും എന്ന ആഗ്രഹത്താല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച ആ വിഷയങ്ങളില്‍ FIR ഇട്ടു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി. എന്റെ സ്വന്തം അനുഭവങ്ങള സംബന്ധിച്ച് തെളിവ് കൊടുക്കാന്‍ പോയപ്പോള്‍, ആ വിഷയത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്തവരെ സാക്ഷിയാകാന്‍ വിളിക്കുന്നു എന്നും, അതവരുടെ ജീവിതത്തില്‍ പ്രശ്നമുണ്ടാക്കുന്നു എന്നും അറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിഷമമുണ്ടായി. പക്ഷേ അതിനെക്കാള്‍, വിഷമിപ്പിച്ചത്, എന്റെ സഹപ്രവര്‍ത്തക പറഞ്ഞ കാര്യത്തെ കുറിച്ച് FIRഉണ്ട് എന്നറിഞ്ഞപ്പോഴാണ്.

SITയില്‍ മൊഴി കൊടുക്കാന്‍ പോയപ്പോഴാണ് ഞാനത് അറിയുന്നത്. അപ്പോള്‍ തന്നെ ആ കുട്ടിയെ ഫോണില്‍ വിളിച്ചു. ആ പെണ്‍ കുട്ടി എന്നോട് ക്ഷോഭിച്ചു. എങ്ങനെയും പേര് ഒഴിവാക്കണമെന്നും, അവര്‍ നേരിട്ടതിനെക്കാള്‍ വലിയ ഉപദ്രവം ചെയ്തത് ഞാനാണെന്നും പറഞ്ഞപ്പോള്‍, പരിഹാരം കാണാനായാണ് സുപ്രീം കോടതിയില്‍ പോയത്.

അത്, ശരിയായിരുന്നോ തെറ്റായിരുന്നോ ചെയ്തത് എന്നതിനെക്കാള്‍ ഈ വിഷയത്തില്‍ ക്ലാരിറ്റി ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. കൃത്യമായ ഒരു decree ആണ് കോടതി തന്നത്. ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന അജിത.. കേസ് കൊടുത്ത സമയത്ത്, ശാസനാ സ്വരത്തില്‍ എന്നോട് പറഞ്ഞത്, എന്റെ മനസ്സില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഈ കേസ് കാരണം, ഈ സമരത്തിന്റെ ശക്തി ചോര്‍ന്ന് പോകരുത് എന്നും അജിതേച്ചി പറഞ്ഞു. ഹേമാ കമ്മിറ്റിയില്‍, പരാതി പറഞ്ഞവര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ ഇത് തടസ്സമാകരുത് എന്നും ചേച്ചി പറഞ്ഞു. തടസ്സമാകില്ല, എന്ന് ഞാന്‍ പറഞ്ഞ ഉത്തരത്തിന്, ‘എങ്കില്‍ കൊള്ളാം’ എന്നാണ് അജിതേച്ചി മറുപടി പറഞ്ഞത്.

സ്ത്രീകള്‍ പറഞ്ഞതു കൊണ്ട്, നടപടി എന്നതും ശരിയല്ല. Right To Be Heardഎന്നത് ഒരു ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍ ആണ്. അത് പെണ്ണിനും ആണിനും കൊടുക്കേണ്ടത് ഒരു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. പിന്നെ കരട് രേഖ.. അത് നടക്കുന്നുണ്ട് എന്നതും എല്ലാവര്‍ക്കും അറിയാം. പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നു.

നേരത്തെ കമ്മിറ്റി രൂപീകരിക്കാനിടയായ യഥാര്‍ഥ കാരണങ്ങളില്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ എന്നായിരുന്നു പാര്‍വതിയുടെ ചോദ്യം. കേസുകള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രതികരിച്ചത്. ‘ഇനി ഈ കമ്മിറ്റി രൂപീകരിക്കാനിടയായ ശരിയായ കാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമല്ലേ? സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിനെന്തുപറ്റി? റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയിട്ടുള്ളൂ, ഒരു തിരക്കുമില്ല,’ എന്നാണ് പാര്‍വതി കുറിച്ചത്. മുഖ്യമന്ത്രിയെ ടാഗ് ചെയ്തായിരുന്നു പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിഷയത്തില്‍ വിശദമായി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ച് മന്ത്രി സജി ചെറിയാനും രംഗത്തുവന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. മുഖ്യമന്ത്രി മുന്‍കൈ എടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചെന്നും സജി ചെറിയാന്‍ പറഞ്ഞു.

സിനിമാ നയം വരുന്നതും നിയമ നിര്‍മാണം നടത്തുന്നതും അടുത്ത മാസം കോണ്‍ക്ലേവ് തീരുമാനിച്ചതും എല്ലാം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകള്‍ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News