കേന്ദ്ര ഏജൻസിയാണെന്ന് പറഞ്ഞ് വിളിച്ചു, ആലുവാ സ്വദേശിക്ക് പോയത് ഒരുകോടി 20 ലക്ഷം; എറണാകുളം റൂറൽ സൈബർ പോലീസിന്റെ നീക്കത്തിൽ പ്രതി വലയില്‍

കൊച്ചി: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി ഇരുപതുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിം (43) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം വയോധികനുമായി ബന്ധപ്പെട്ടത്.

വയോധികന്റെ പേരിൽ മുംബൈയിലെ ഒരു ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും ഇവർ വിശ്വസിപ്പിച്ചു. ഈ വിഷയത്തിൽ കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സംഘം വയോധികനെ അറിയിച്ചു. കോടതിയുടെ ലെറ്റർ എന്ന് പറഞ്ഞ് ഒരു വ്യാജരേഖയും ഇയാൾക്ക് കാണിച്ചുനൽകി.

ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, കേസ് ‘പ്രയോറിറ്റി ഇൻവെസ്റ്റിഗേഷൻ’ ആയി പരിഗണിക്കാമെന്നും ഇതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം നിർദേശിച്ച അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഭയത്താൽ സമ്മർദത്തിലായ വയോധികൻ എട്ട് ഇടപാടുകളിലൂടെ ഒരു കോടി ഇരുപതുലക്ഷത്തോളം രൂപ തട്ടിപ്പുകാർക്ക് അയച്ചുനൽകുകയായിരുന്നു.

തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ വയോധികൻ പോലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയായ സലിമിനെ മലപ്പുറത്തുനിന്ന് പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐ.മാരായ എം.അജേഷ്, ടി.കെ. വർഗീസ്, എ.എസ്.ഐ. സലാവുദ്ദീൻ, സീനിയർ സി.പി.ഒ. പി.കെ. ദിനേശൻ, സി.പി.ഒ. ജെറി കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News