24.9 C
Kottayam
Wednesday, May 22, 2024

രേഷ്മയ്ക്ക് കാമുകനെന്ന രീതിയിൽ മെസേജ് അയച്ചത് മരിച്ച യുവതികളിൽ ഒരാൾ?കല്ലുവാതുക്കൽ സംഭവത്തിൽ വൻ ട്വിസ്റ്റ്

Must read

കൊല്ലം:കല്ലുവാതുക്കലിൽ അമ്മ കരിയിലക്ക് നയിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനായി ഫെയ്സ്ബുക്കിന്റെ സേവനം ലഭിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം. സൈബർ സെല്ലുവഴിയാണ് ഫെയ്സ്ബുക്കിനെ സമീപിച്ചത്.

ഇത്തിക്കരയാറിൽ ചാടി ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാൾ വ്യാജ ഐഡിയിലൂടെ രേഷ്മയെ കബളിപ്പിക്കാൻ ശ്രമിച്ചോയെന്നും പാരിപ്പള്ളി പൊലീസ് അന്വേഷിക്കുന്നു. മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോൺ കോളുകളും ഫെയ്സ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും. അനന്ദു എന്ന പേരിലെ ഫെയ്സ്ബുക്ക് ഐഡിയിൽ നിന്നാണ് രേഷ്മയ്ക്ക് മെസേജുകൾ എത്തിയിരുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന രേഷ്മയുടെ മൊഴിയാണ് അന്വേഷണത്തിന് ആധാരം.

കുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചതിനെത്തുടർന്നു കാണാതാകുകയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത യുവതികളുമായുള്ള ഇടപാടുകളെക്കുറിച്ചു പൊലീസ് കൂടുതൽ വിവരങ്ങൾ തേടും.
കാമുകനൊപ്പം പോകാൻ ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ രേഷ്മ (22) ഇപ്പോൾ കോവിഡ് ബാധിതയാണ്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന ഇവരെ കോവിഡ് നെഗറ്റീവ് ആയാലുടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെയാണ് ഇത്തിക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയും ഗ്രീഷ്മ സഹോദരിയുടെ മകളുമാണ്

രേഷ്മയുടെ ഭർത്താവ് വിഷ്ണു അബുദാബിയിൽ നിന്നു നാട്ടിലെത്തിയ ശേഷം ക്വാറന്റീനിലാണ്. ക്വാറന്റീൻ കഴിയുന്ന മുറയ്ക്ക് വിഷ്ണുവിൽ നിന്നും മൊഴിയെടുക്കും.

ആര്യയുടെ മൊബൈൽ ഫോൺ രേഷ്മ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതശരീരം കണ്ടെത്തുമ്പോൾ ഗ്രീഷ്മയുടെ ശരീരത്തിനൊപ്പം ലഭിച്ച ബാഗിൽ 2000 രൂപ, സാനിറ്റൈസർ എന്നിവ ഉണ്ടായിരുന്നു. അന്വേഷണത്തിന് ഏറെ സഹായകമാകുന്ന ഫോൺ ആറ്റിൽ ഉപേക്ഷിച്ചതാകാനാണു സാധ്യത.

നേരിൽ ഒരു തവണ പോലും കാണാത്ത കാമുകൻ പ്രമുഖ ബാങ്കിൽ ജോലി ഉള്ള അരുൺ എന്ന പേരുള്ള യുവാവാണെന്നു രേഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു കാമുകൻ ഉണ്ടോയെന്നു പോലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ആര്യയുടെ മൃതദേഹം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുടുംബ വീടായ മേവനക്കോണം ആതിര ഭവനിൽ‌ സംസ്കരിച്ചു. ഗ്രീഷ്മയുടെ സംസ്കാരം ഇന്ന്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week