FootballNewsSports

എക്സ്ട്രാ ടൈമിൽ ഓസ്ട്രിയയെ തകർത്തു ഇറ്റലി യൂറോ ക്വാർട്ടറിൽ

ലണ്ടൻ: എക്സ്ട്രാ ടൈം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഓസ്ട്രിയയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത് ഇറ്റലി 2020 യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.

എക്സ്ട്രാ ടൈമിൽ ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സീനിയുമാണ് ഗോൾ നേടിയത്. സാസ കാലാസിച്ച് ഓസ്ട്രിയയുടെ ആശ്വാസഗോൾ നേടി. ഈ മൂന്ന് താരങ്ങളും പകരക്കാരായി കളത്തിലെത്തിയവരാണ് എന്ന പ്രത്യേകതയുണ്ട്. ക്വാർട്ടറിൽ ബെൽജിയം-പോർച്ചുഗൽ മത്സരത്തിലെ വിജയികളെയാണ് ഇറ്റലി നേരിടുക. തോറ്റെങ്കിലും അസൂറികളെ വെള്ളം കുടിപ്പിച്ചാണ് അലാബയും സംഘവും യൂറോ കപ്പിൽ നിന്നും പടിയിറങ്ങുന്നത്. ഇതോടെ തുടർച്ചയായി 31-ാം മത്സരത്തിലും തോൽവി വഴങ്ങാതെ ഇറ്റലി കുതിപ്പ് തുടർന്നു.

ഓസ്ട്രിയ കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ രണ്ട് മാറ്റങ്ങളുമായാണ് ഇറ്റലി കളിക്കാനിറങ്ങിയത്. ആദ്യ മിനിട്ടിൽ തന്നെ ഇറ്റാലിയൻ ഗോൾമുഖത്ത് ഭീതിപരത്താൻ ഓസ്ട്രിയയ്ക്ക് സാധിച്ചു അതിനുപിന്നാലെ മത്സരത്തിന്റെ രണ്ടാം മിനിട്ടിൽ തന്നെ ഓസ്ട്രിയയുടെ അർണോടോവിച്ച് മഞ്ഞക്കാർഡ് കണ്ടു.

ആദ്യ മിനിട്ടുകളിൽ ഓസ്ട്രിയ തന്നെയാണ് കളി നിയന്ത്രിച്ചത്. ഇറ്റാലിയൻ പ്രതിരോധത്തെ ഓസ്ട്രിയൻ മുന്നേറ്റനിര നിരന്തരം പരീക്ഷിച്ചു. 10-ാം മിനിട്ടിൽ ഇറ്റലിയുടെ സ്പിനാൻസോള ഓസ്ട്രിയൻ ബോക്സിനകത്തേക്ക് കയറി വെടിയുണ്ട പോലൊരു ഷോട്ടുതിർത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. 13-ാം മിനിട്ടിൽ ഇറ്റലിയുടെ ഇൻസീനിയുടെ ഷോട്ട് ഗോൾകീപ്പർ ബാഷ്മാൻ അനായാസം കൈയ്യിലൊതുക്കി.

17-ാം മിനിട്ടിൽ ഇറ്റലിയുടെ ബാരെല്ലയെടുത്ത ഗോളെന്നുറച്ച ഷോട്ട് ബാഷ്മാൻ തട്ടിയകറ്റി അപകടം ഒഴിവാക്കി. തുടക്കത്തിൽ ഓസ്ട്രിയയാണ് കളം നിറഞ്ഞതെങ്കിലും പതിയെ ഇറ്റലി നിയന്ത്രണം ഏറ്റെടുത്തു.32-ാം മിനിട്ടിൽ സീറോ ഇമ്മൊബിലെയുടെ തകർപ്പൻ ലോങ്റേഞ്ചർ ഓസ്ട്രിയൻ ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. അവിശ്വസനീയമായ ലോങ്റേഞ്ചറാണ് ഇമ്മൊബീലെയുടെ ബൂട്ടിൽ നിന്നും പിറന്നത്. 42-ാം മിനിട്ടിൽ സ്പിനാൻസോളയുടെ ഷോട്ട് ഗോൾകീപ്പർ ബാഷ്മാൻ രക്ഷപ്പെടുത്തി.

ആദ്യപകുതിയുടെ അവസാന മിനിട്ടിൽ ഓസ്ട്രിയൻ ബോക്സിന് പുറത്തുനിന്നും ഇറ്റലിയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. എന്നാൽ അത് ഗോളാക്കി മാറ്റാൻ അസൂറികൾക്ക് സാധിച്ചില്ല.

രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ ഇറ്റാലിയൻ ബോക്സിന് തൊട്ടുമുന്നിൽ വെച്ച് ഓസ്ട്രിയയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. ഓസ്ട്രിയയുടെ ബൗംഗാർട്നറെ ഡി ലോറെൻസോ വീഴ്ത്തിയതിനാണ് ഫ്രീകിക്ക് ലഭിച്ചത്. എന്നാൽ കിക്കെടുത്ത നായകൻ അലാബയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

64-ാം മിനിട്ടിൽ അർണോടോവിച്ചിന്റെ മികച്ച ഷോട്ട് ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ്മ കൈയ്യിലൊതുക്കി. 65-ാം മിനിട്ടിൽ അർണോടോവിച്ച് ഇറ്റാലിയൻ ഗോൾവല ഹെഡ്ഡറിലൂടെ ചലിപ്പിച്ചെങ്കിലും പിന്നീട് വാറിന്റെ സഹായത്തോടെ റഫറി ഗോൾ അസാധുവാക്കി. ഗോൾ നേടുമ്പോൾ താരം ഓഫ്സൈഡ് ആയിരുന്നു.

പേരുകേട്ട ഇറ്റാലിയൻ മുന്നേറ്റനിരയെ കൃത്യമായി പൂട്ടാൻ ഓസ്ട്രിയയ്ക്ക് സാധിച്ചു. മികച്ച ഒത്തിണക്കമാണ് അലാബയും സംഘവും കാണിച്ചത്. തുടർച്ചയായി 30 മത്സരങ്ങൾ തോൽക്കാതെ കളിക്കാനെത്തിയ ഇറ്റലിയെ സമർഥമായി നേരിടാൻ ഓസ്ട്രിയയ്ക്ക് സാധിച്ചു. നിശ്ചിത സമയത്തിന്റെ അവസാന മിനിട്ടിൽ ഓസ്ട്രിയൻ ബോക്സിനെ തൊട്ടുവെളിയിൽ നിന്നും ഇറ്റലിയ്ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാൻ അസൂറികൾക്ക് സാധിച്ചില്ല. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 2020 യൂറോയിൽ അധിക സമയത്തേക്ക് നീണ്ട ആദ്യ മത്സരമാണിത്.

എക്സ്ട്രാ ടൈമിൽ 93-ാം മിനിട്ടിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ മികച്ച ഗ്രൗണ്ടർ ബാഷ്മാൻ കൈയ്യിലൊതുക്കി. എന്നാൽ തൊട്ടുപിന്നാലെ നടത്തിയ മുന്നേറ്റത്തിൽ കിയേസ ലക്ഷ്യം കണ്ടു. 95-ാം മിനിട്ടിലാണ് താരം ഗോൾ നേടിയത്.

സ്പിനാസോളയുടെ പാസ് സ്വീകരിച്ച കിയേസ പന്ത് കാലിലൊതുക്കി പ്രതിരോധാതാരങ്ങളെ മറികടന്ന് ഗോൾകീപ്പർ ബാഷ്മാന് ഒരു സാധ്യത പോലും നൽകാതെ മികച്ച ഒരു ഷോട്ടിലൂടെ ഗോൾ നേടി. രാജ്യത്തിനായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബെറാഡിയ്ക്ക് പകരക്കാരനായാണ് കിയേസ ഗ്രൗണ്ടിലെത്തിയത്.

104-ാം മിനിട്ടിൽ ഇൻസീനിയുടെ അത്യുഗ്രൻ ഫ്രീകിക്ക് അവിശ്വസനീയമായി ഗോൾകീപ്പർ ബാഷ്മാൻ തട്ടിയകറ്റി. എന്നാൽ തൊട്ടടുത്ത മിനിട്ടിൽ ഇറ്റലി രണ്ടാം ഗോൾ സ്വന്തമാക്കി. ഇത്തവണ മാത്തിയോ പെസ്സീനയാണ് അസൂറികൾക്കായി ഗോൾ നേടിയത്.

105-ാം മിനിട്ടിൽ അസെർബിയുടെ പാസ് സ്വീകരിച്ച പെസ്സീന ശക്തിയേറിയ ഷോട്ടിലൂടെ പന്ത് ഓസ്ട്രിയൻ വലയിലാക്കി. ഈ ഗോൾ കൂടി വീണതോടെ ഇറ്റലി വിജയമുറപ്പിച്ചു.
106-ാം മിനിട്ടിൽ ഓസ്ട്രിയയുടെ ഗ്രിഗോറിറ്റ്ഷിന്റെ ഉഗ്രൻ ഷോട്ട് ഡൊണറുമ്മ കൈയ്യിലൊതുക്കി. 110-ാം മിനിട്ടിൽ ലഭിച്ച തുറന്ന അവസരം ഗോളാക്കി മാറ്റാൻ ഓസ്ട്രിയയുടെ സബിറ്റ്സർക്ക് സാധിച്ചില്ല.

എന്നാൽ 114-ാം മിനിട്ടിൽ മികച്ച ഒരു പറക്കും ഹെഡ്ഡറിലൂടെ സാസ സാസ കാലാസിച്ച് ഓസ്ട്രിയയ്ക്ക് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചു. ഷൗബ് എടുത്ത കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. തുടർച്ചയായി 11 മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ വന്ന ഇറ്റലിയുടെ വലയിൽ ഒടുവിൽ ഒരു ഗോൾ വീണു. പിന്നീട് അസൂറികളുടെ ഗോൾവല ചലിപ്പിക്കാൻ ഓസ്ട്രിയയ്ക്ക് സാധിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker