KeralaNews

‘ഇന്നലെ കഴിയേണ്ട ഓപ്പറേഷനാണ്,കുറച്ചെങ്കിലും ബോധമുള്ളവരെ ദുരന്തനിവാരണത്തിന് നിയമിക്കൂ സഖാവേ’; മേജര്‍ രവി

പാലക്കാട്: സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ മേജര്‍ രവി. സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണമെന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്ന് മേജര്‍ രവി പറഞ്ഞു. പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാനെടുത്ത കാലതാമസം ചൂണ്ടികാട്ടിയായിരുന്നു മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ ആര്‍മിയെ മേജര്‍ രവി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

മേജര്‍ രവിയുടെ വാക്കുകള്‍:

‘ബാബു ജീവനോടെ തിരിച്ചുവന്നതില്‍ സന്തോഷം. ഇന്ത്യന്‍ ആര്‍മി അവരുടെ കടമ നിര്‍വ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാര്‍ക്കും നന്ദി. ഇനി പറയാനുള്ളത് പിണറായി സര്‍ക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയത് കൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്‌തോളു. എന്നാല്‍, ദുരന്തനിവാരണ വകുപ്പില്‍ ഒരു ദുരന്തം വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ബോധമുള്ളവരെയാണ് സഖാവേ നിയമിക്കേണ്ടത്.

കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കരസേനയെ വിളിക്കുന്നതിനൊപ്പം നേവിയേയും ഇന്ത്യന്‍ ആര്‍മിയേയും കൂടി ഫോണില്‍ ബന്ധപ്പെടുമായിരുന്നു. അപ്പോള്‍ തന്നെ സൈന്യം ഇവിടെത്തിയേനെ. ആ കുട്ടി ഇരിക്കുന്നത് കണ്ടാല്‍ തലയ്ക്കകത്ത് ആള്‍ത്താമസമുള്ള ഏതൊരാള്‍ക്കും മനസിലാകും ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനാകില്ലെന്ന്. പിണറായി സര്‍ക്കാര്‍ കുറച്ചുകൂടി അറിഞ്ഞ് പ്രവര്‍ത്തിക്കണമായിരുന്നു.

ഇന്നലെ ഒരു ദിവസം കൊണ്ട് തീര്‍ക്കേണ്ട പ്രശ്നം ഇന്ന് വരെ വൈകിപ്പോയത് എന്ത് കൊണ്ടാണ്. സൈന്യം ഇന്നലെ എത്തിയിരുന്നെങ്കില്‍ ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ രക്ഷിക്കാമായിരുന്നു. ടെക്നിക്കലി വിവരമുള്ള ആളുകളെ ഈ സ്ഥാനത്തേയ്ക്ക് ചുമതലപ്പെടുത്തണം. ദുരന്തനിവാരണ സേനയെന്ന് പറയുന്നത് പലതരത്തിലുള്ളതാണ്. എല്ലാ ദുരന്തത്തേയും നേരിടാന്‍ അവര്‍ക്ക് കഴിയണം. അതിനാല്‍ തലയില്‍ കുറച്ച് ആള്‍താമസമുള്ളവരെ ഈ പോസ്റ്റില്‍ ചുമതലപ്പെടുത്തണം’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker