KeralaNews

ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍

പാലക്കാട്: മലയിടുക്കില്‍ രണ്ടു ദിവസം കുടുങ്ങി സൈന്യം രക്ഷിച്ച ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു. നിലവില്‍ നിര്‍ജലീകരണത്തിന്റെയും ഭക്ഷണവും ഉറക്കവും ലഭിക്കാത്തതിന്റെയും ക്ഷീണം യുവാവിനുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല.

24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് നിലവില്‍ യുവാവ്. ഉച്ചയ്ക്ക് 12.45 ഓടെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മാതാവുമായി സംസാരിക്കാനും ആശുപത്രി അധികൃതര്‍ അവസരമൊരുക്കി. വൈകാതെ യുവാവിന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യന്‍ സൈന്യം ബാബുവിനെ മലമുകളിലേക്ക് എത്തിക്കുന്നത് ഏകദേശം പത്ത് മണിയോടെയാണ്. തുടക്കത്തില്‍ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛര്‍ദിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റര്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നല്‍കിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛര്‍ദിച്ചത് ആശങ്ക ജനിപ്പിച്ചിരിന്നു.

ചെറാട് മലയില്‍ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോള്‍ സൈന്യം ഭക്ഷണവും വെള്ളവും നല്‍കി. സുരക്ഷാ ബെല്‍റ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍, രാത്രിയില്‍ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാന്‍ പ്രതിസന്ധികളേറെയായിരുന്നു.

വെള്ളമോ ഭക്ഷണമോ നല്‍കാന്‍ യന്ത്രങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകളില്‍ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തില്‍ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാന്‍ ബാബുവിന് കഴിഞ്ഞു എന്നതാണ് നിര്‍ണായകമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker