കൊച്ചി: അർജന്റീനയുടെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കലൂർ രാജ്യാന്തര സ്റ്റേഡിയം സ്പോൺസർ ആന്റോ അഗസ്റ്റിന് വിട്ടുനൽകി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കരാർ പോലും ഒപ്പിടാതെ. ഒരു കരാറും ഇല്ലാതെയാണ് സ്പോൺസർക്ക് സ്റ്റേഡിയം വിട്ടുനൽകി കോടികൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ ചെയ്തിരിക്കുന്നത്. ഇത് പൊതുമുതൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കും ജിസിഡിഎക്കും (ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റി) സംഭവിച്ച ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
ഈ മാസം ഒൻപതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കരാറിനെ കുറിച്ച് ധാരണയായത്. ജിസിഡിഎ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, സ്പോൺസർ എന്നിവർ ചേർന്ന് ത്രികക്ഷി കരാറിലേക്ക് പോകാനാണ് യോഗത്തിൽ ധാരണ ഉണ്ടാക്കിയത്. എറണാകുളത്തു നിന്നുള്ള മന്ത്രി പി. രാജീവ് അടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഈ ത്രികക്ഷി കരാറിന് ധാരണ ഉണ്ടാക്കിയതല്ലാതെ ഇതുവരെ ഒപ്പിട്ടിരുന്നില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നത് 24-ാം തീയതിയാണ്. അപ്പോഴേക്കും അർജന്റീന ടീം നവംബറിൽ വരില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. അതിനുശേഷം ത്രികക്ഷി കരാറിന്റെ കാര്യത്തിൽ എന്ത് നടപടി ഉണ്ടായി എന്നത് ഇപ്പോഴും വ്യക്തമല്ല. പരിശോധനയ്ക്കായി നിയമവകുപ്പിൽ പോലും ഈ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ എത്തിച്ചേർന്നിട്ടില്ല. ചുരുക്കത്തിൽ, ത്രികക്ഷി കരാറിന് ധാരണ ഉണ്ടായി എന്നതിനപ്പുറത്ത് കരാർ ഒപ്പിടാതെയാണ് സ്റ്റേഡിയത്തിലെ എല്ലാ നിർമ്മാണ പ്രവൃത്തികളും നടന്നുകൊണ്ടിരിക്കുന്നത്.
കരാറില്ലാത്ത സാഹചര്യത്തിലും സ്റ്റേഡിയത്തിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് സ്പോൺസർ നടത്തിക്കൊണ്ടിരിക്കുന്നത്. കലൂർ സ്റ്റേഡിയത്തിന്റെ പിച്ച് ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളും പുതുക്കിപ്പണിയുകയാണ്. കസേരകൾ പൂർണ്ണമായും ഇളക്കി മാറ്റി. അതോടൊപ്പം ഫ്ലഡ് ലൈറ്റുകളും പൂർണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. നവംബർ 30-നകം സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചു നൽകാമെന്ന വാഗ്ദാനമാണ് സ്പോൺസറുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
കലൂർ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള പൊതുമുതലാണ്. ഇത് ആർക്കെങ്കിലും കൈമാറണമെങ്കിൽ കൃത്യമായ കരാറുകളും വ്യവസ്ഥകളും വാടകയും നിശ്ചയിക്കണം. വാടക ഒഴിവാക്കി കൊടുക്കണമെങ്കിൽ പോലും തദ്ദേശ ഭരണ വകുപ്പിന്റെ തീരുമാനം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ ഒന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
ഇടയ്ക്ക് വെച്ച് നിർമ്മാണ പ്രവൃത്തികൾ സ്പോൺസർ നിർത്തിയാൽ, അതിൻ്റെ ഉത്തരവാദിത്വം സ്പോൺസർക്ക് മേൽ ചുമത്താൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാരും ജിസിഡിഎയും എത്തിനിൽക്കുന്നത്. കരാറില്ലാതെ ഒരു പൊതുമുതൽ നിർമ്മാണത്തിന് വിട്ടുകൊടുത്തതിൻ്റെ പൂർണ്ണമായ ഉത്തരവാദിത്വം ഇപ്പോൾ ജിസിഡിഎ, കായിക വകുപ്പ്, സർക്കാർ സംവിധാനങ്ങൾ എന്നിവയിൽ പരിമിതപ്പെടുകയാണ്.
മത്സരത്തിന്റെ കോർഡിനേഷൻ ചുമതലയ്ക്കായി സ്പോർട്സ് കേരള ഫൗണ്ടേഷനെയാണ് എസ്പിവി ആയി നിശ്ചയിച്ചത്. ഈ ഫൗണ്ടേഷൻ കായിക വകുപ്പിന് കീഴിലുള്ള സംവിധാനമാണ്. അതിനാൽ, സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയതിന് പിന്നിലെ കരാറും ഉറപ്പും എന്താണെന്ന് വ്യക്തമാക്കേണ്ടത് കായികമന്ത്രി വി. അബ്ദുറഹ്മാൻ തന്നെയാണ്.
യഥാർത്ഥത്തിൽ അർജന്റീന ടീമിനെപ്പോലെ ഒരു രാജ്യാന്തര ടീം വന്ന് മത്സരം നടത്തണമെങ്കിൽ ഫിഫയുടെ അനുമതി വേണം. സ്റ്റേഡിയം മത്സരത്തിന് യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ടത് ഫിഫയാണ്. എന്നാൽ ഫിഫയുടെ അംഗീകാരം നേടാതെയാണ് എല്ലാ കാര്യവും മുന്നോട്ട് പോയത് എന്നതാണ് വിചിത്രമായ കാര്യം. ഈ വിഷയത്തിൽ കായികമന്ത്രി സ്പെയിനിലേക്ക് പോയി സർക്കാർ തലത്തിൽ ചർച്ച നടത്തിയിരുന്നു.


