ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം;എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് ലാഹോറിലേത്. സംഭവത്തിന് പിന്നാലെ ലാഹോര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി.

പാക്കിസ്ഥാന്‍ ആര്‍മിയുടെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഒരു ടയറിന് പെട്ടെന്ന് തീപിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെയും ലാഹോര്‍ എയര്‍പോര്‍ട്ടിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമായിരുന്നു തീപിടിത്തം. തുടര്‍ന്ന് വിമാനത്താവളത്തിന്റെ മേല്‍ക്കൂരയടക്കം തകര്‍ന്നുവീണിരുന്നു. കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടന വേളയിലായിരുന്നു സംഭവം.

കഴിഞ്ഞ മാസം രാജ്യാന്തര വിമാനത്താവളത്തില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വിമാനം ഒരു ടയര്‍ ഇല്ലാതെ ലാന്‍ഡ് ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കറാച്ചിയില്‍നിന്നു പുറപ്പെട്ട പികെ 306 വിമാനമാണ് ലാഹോറില്‍ ഒരു ടയര്‍ ഇല്ലാതെ ലാന്‍ഡ് ചെയ്തത്. ആറ് പിന്‍ ചക്രങ്ങളില്‍ ഒന്നാണ് കാണാതായത്.

വിമാനം സുഗമമായ ലാന്‍ഡിങ് നടത്തിയതായും പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരു പിന്‍ചക്രം ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു. കറാച്ചിയില്‍നിന്നു പുറപ്പെടുമ്പോള്‍ വിമാനത്തില്‍ എല്ലാ ചക്രങ്ങളും ഉണ്ടായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. കറാച്ചി വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ടയര്‍ നഷ്ടപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പിഐഎ അധികൃതര്‍. യാത്രക്കാര്‍ക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാന കമ്പനി അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News