തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഒന്നര, രണ്ടേകാല്‍ ലിറ്ററിന്റെ ബോട്ടിലുകള്‍ വിപണിയിലെത്തും. പ്ലാസ്റ്റിക് കുപ്പികള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ദ്ധനവിനും അനുമതി ലഭിച്ചതോടെ പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും.
കൊവിഡ് ബെവ്കോയ്ക്കും തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ വലിയ ഇടിവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് വില്‍പ്പന നടത്തുന്നതിനായി രൂപകല്‍പ്പനചെയ്ത ബെവ്ക്യൂ ആപ്പ് നിലവില്‍ പിന്‍വലിച്ചു. ബാറുകളില്‍ പാഴ്സല്‍ വില്‍പ്പന ആരംഭിച്ചതോടെ ആപ്പ് ഉപയോഗിച്ചുള്ള മദ്യവില്‍പ്പന ബെവ്കോക്ക് തിരിച്ചടിയായി. ഇതോടെയാണ് മദ്യ വില്‍പ്പന സാധാരണ ഗതിയിലേക്കാക്കാന്‍ ബെവ്കോ തിരുമാനിക്കുന്നത്.
ഒന്നര ലിറ്ററിന്റേയും രണ്ടു ലിറ്ററിന്റേയും ബോട്ടിലുകള്‍ ഇതാദ്യമായാണ് സംസ്ഥാനത്ത് വില്‍പ്പനക്കെത്തിക്കുന്നത്. വിതരണക്കാര്‍ക്ക് ഇതുസംബന്ധിച്ച് ബെവ്കോ വിതരണക്കാര്‍ക്ക് കത്തയച്ചിട്ടുണ്ട്. കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ വലിയ ബോട്ടിലുകളില്‍ മദ്യം വില്‍പ്പനക്കെത്തിക്കാം. വലിയ ബോട്ടിലുകളിലെ മദ്യം വാങ്ങുന്ന ഉപഭോക്താവിനും ബെവ്കോക്കും ഇതുകൊണ്ട് ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതുവഴി വിതരണ ശാലകളിലെ തിരക്കു കുറക്കാനും സാധിക്കുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍.
പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഫെബ്രുവരി ഒന്നു മുതല്‍ 750 മില്ലി ലിറ്റര്‍ കുപ്പികള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായിരിക്കും.