മുംബൈ:മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങൾ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ലോക്കൽ ട്രെയിനുകൾ ഉടൻ പുനസ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിൽ ഇളവുകൾ നൽകുന്നത് കോവിഡിന്റെ മറ്റൊരു തരംഗത്തിന് കാരണമാകില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിഹാൻ മുംബൈ ഇലക്ട്രിക്കൽ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 2-ന് മഹാരാഷ്ട്രയിലെ മുംബൈ അടക്കമുള്ള 25 ജില്ലകളിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇവിടെ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കുറവായതിന് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
കടകൾ രാത്രി 8 മണിവരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വൈകുന്നേരം 4 മണിവരെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വ്യായാമ കേന്ദ്രങ്ങൾ, സ്പാ, യോഗ സെന്ററുകൾ, സലൂണുകൾ എന്നിവ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി രാത്രി 8 മണിവരെ പ്രവർത്തിക്കാം. അതേസമയം സ്വകാര്യ, സർക്കാർ ഓഫീസുകളിലെ എല്ലാ ജോലിക്കാരെയും ഉൾപ്പെടുത്തി പൂർണ്ണമായും പ്രവർത്തിക്കാമെന്നും ഇളവുകളിൽ പറയുന്നു. അതേസമയം ലോക്കൽ ട്രെയിനുകളിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരെ ഉൾപ്പെടുത്തി യാത്ര അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഹോട്ടൽ, റെസ്റ്റോറന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നുവെന്നും വൈകുന്നേരം 4 മണിക്ക് ശേഷം പ്രവർത്തന സമയം നീട്ടണമെന്ന് അവർ ആവശ്യപ്പെട്ടതായും ഉദ്ധവ് താക്കറെ പറഞ്ഞു. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ഇളവ് വരുത്തുമെന്ന് അവരോട് വിശദീകരിച്ചതായി താക്കറെ കൂട്ടിച്ചേർത്തു.