മുംബൈ: നടി തുനിഷയുടെ ആത്മഹത്യക്ക് കാരണം ലവ് ജിഹാദെന്ന് മഹാരാഷ്ട്രയിലെ മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജൻ. പോലീസ് ഈ കേസ് അന്വേഷിച്ചുവരികയാണ്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ലൗ ജിഹാദിനെതിരെ കർശനമായ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും മഹാജൻ പറഞ്ഞു.
നടി തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് ഗിരീഷ് മഹാജൻ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ദിനംപ്രതി വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഷീസാന്റെയും തുനിഷയുടെയും ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും എ.സി.പി ചന്ദ്രകാന്ത് യാദവ് വ്യക്തമാക്കി.
തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി സ്വയം ജീവനൊടുക്കിയതെന്നും എ.സി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചിത്രീകരണത്തിന്റെ ഇടവേളയിൽ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവർ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും ഡി.എസ്.പി കൂട്ടിച്ചേർത്തു.