മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഒമ്പത് പേരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലിലാണ് മുംബൈ പൊലീസ്. ഇവരുടെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ഒമ്പത് പേരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. സംഗലി ജില്ലയിലെ മേസാലിലാണ് കൂട്ടക്കൊലപാതകം നടന്നത്.
മൃഗ ഡോക്ടറായ മാണിക് വാൻമോറെ, മാണിക്കിന്‍റെ സഹോദരൻ പോപ്പറ്റ്, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവരാണ് മരിച്ചത്.
ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ഈ സഹോദരങ്ങളിൽ നിന്ന് ഒരു കോടിയിലേറെ രൂപ കൈപ്പറ്റിയിരുന്നു. ഈ പണം തിരികെ ചോദിച്ചതാണ് മാണിക്കിന്റെയും പോപ്പറ്റിന്റെയും ഇവരുടെ കുടുംബാംഗങ്ങളുടെയും കൊലപാതകത്തിലേക്ക് എത്തിച്ചത്.
ബഗ്വാന്‍, കൂട്ടാളിയായ ധീരജ് സുരവാസെയുമായി ചേർന്നാണ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ജൂൺ 19 ന് ചായയിൽ വിഷം കലർത്തി, ഇരു കുടുംബങ്ങൾക്കും ഇവർ നൽകിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് സഹോദരങ്ങളുടെ വീടുകൾ തമ്മിൽ ഉണ്ടായിരുന്നത്. മാണിക് വാൻമോറെ, ഭാര്യ രേഖ, മക്കളായ പ്രതിമ, ആദിത്യ, മാണിക്കിന്‍റെ അമ്മ അക്കത്തായി എന്നിവരുടെ മൃതദേഹം ഒരു വീട്ടിലും മാണിക്കിന്‍റെ സഹോദരൻ പോപ്പറ്റ്, ഭാര്യ അർച്ചന, മക്കളായ സംഗീത, ശുഭം എന്നിവരുടെ മൃതദേഹം മറ്റൊരു വീട്ടിലുമായാണ് കണ്ടെത്തിയത്. ഇതിൽ ഒരു വീട്ടിൽ നിന്ന് ആതമഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
പലതവണയായി കോടികൾ കൈപ്പറ്റിയ ബഗ്വാൻ ഒരു മന്ത്രവാദിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പണം കൈപ്പറ്റിയതല്ലാതെ നിധി എടുത്ത് നൽകാതെ വന്നതോടെയാണ് മാണിക് പണം തിരിച്ച് ചോദിച്ചത്. ഇതോടെ കൂട്ടക്കൊലപാതകം നടന്ന ദിവസം, ബഗ്വാനും ധീരജും മാണികിന്റെയും സോഹദരന്റെയും വീടുകളിലെത്തി, നിധി ലഭിക്കാനായി ഒരു പൂജ ചെയ്യാനുണ്ടെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇവരെ ടെറസിലേക്ക് പറഞ്ഞയക്കുകയും ഓരോരുത്തരെയായി വിളിച്ച് വരുത്ത് വിഷം കലർത്തിയ ചായ നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.