NationalNews

ലക്ഷ്യം 17 ആവശ്യങ്ങള്‍,നാസിക്കില്‍ നിന്നും മുംബൈയിലേക്ക് കാല്‍ നടയായി നൂറുകണക്കിന് കര്‍ഷകര്‍

മുംബൈ: മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുയര്‍ത്തി കര്‍ഷകര്‍ നടത്തുന്ന റാലി നൂറ് കിലോമീറ്റര്‍ പിന്നിട്ടു. ആയിരക്കണക്കിന് കര്‍ഷകരാണ് നാസികില്‍നിന്ന് മുംബൈയിലേക്ക് നടന്നടുക്കുന്നത്. ഉള്ളിക്ക് ക്വിന്റലിന് 300 രൂപ നഷ്ടപരിഹാരം നല്‍കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം നിരസിച്ച കര്‍ഷകര്‍ 17 ആവശ്യങ്ങളും അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു.

ഉള്ളിക്ക് ക്വിന്റലിന് 2000 രൂപ താങ്ങുവില, ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, പരുത്തി, സോയ തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് സഹായം, കയറ്റുമതി നയത്തില്‍ മാറ്റം, 12 മണിക്കൂര്‍ വൈദ്യുതി, വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളല്‍ തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം കസാറ ഘാട്ട് പിന്നിട്ടു.

സമരം ആരംഭിച്ചതിനു പിന്നാലെ സമവായനീക്കം നടത്തിയ സംസ്ഥാനസര്‍ക്കാര്‍ ഉള്ളിക്ക് ക്വിന്റലിന് 300 രൂപ അടിയന്തര സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ആവശ്യം പൂര്‍ണമായി നിറവേറ്റണമെന്ന് കര്‍ഷകര്‍ മറുപടി നല്‍കി. ഇതോടെ ഇന്ന് വൈകീട്ട് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പോയി സമരക്കാരെ കണ്ട് ചര്‍ച്ച നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ നാസിക്കില്‍നിന്ന് കര്‍ഷകര്‍ മുംബൈയിലേക്ക് നടത്തിയ മാര്‍ച്ചിനെ അനുസ്മരിപ്പിക്കുംവിധമുള്ള മാര്‍ച്ചാണ് ഇത്തവണത്തെതും. അന്ന് മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ച ശേഷം മാത്രമാണ് കര്‍ഷകര്‍ തിരികെ വീടുകളിലേക്ക് പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button