25.9 C
Kottayam
Saturday, May 18, 2024

കാവി നിറമുള്ള ബിക്കിനിയിലൂടെ ഹിന്ദുത്വത്തെ അപമാനിക്കാന്‍ ശ്രമം,
പത്താന്‍ ഇവിടെ അനുവദിക്കില്ല: ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം ‘സ്മരിച്ച്’ ബിജെപി എംഎല്‍എ

Must read

മുംബൈ: ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പത്താന്‍’ എന്ന സിനിമയെ വിമർശിച്ച് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ‘പത്താൻ’ എന്ന സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് ബിജെപി എംഎൽഎ കൂടിയായ റാം കദം ആരോപിച്ചു. മഹാരാഷ്ട്രയിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും എംഎൽഎ വ്യക്തമാക്കി.

രണ്ടു വർഷം മുൻപ് ജെഎൻയുവിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക പദുക്കോൺ അവിടെയെത്തിയ സംഭവവും എംഎൽഎ ട്വിറ്ററിലൂടെ അനുസ്മരിച്ചു. ഹിന്ദുത്വത്തെ അപമാനിക്കുന്ന സിനിമയോ സീരിയലോ മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും എംഎൽഎ ട്വീറ്റ് ചെയ്തു.

‘‘ഇന്ത്യയിൽ കോടിക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ‘പത്താൻ’ എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. നിലവിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന സർക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട് രംഗത്തുവന്ന് പ്രതിഷേധത്തോട് പ്രതികരിക്കുകയും അവരുടെ ഭാഗം വിശദീകരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉചിതം’ – എംഎൽഎ ട്വീറ്റ് ചെയ്തു.

‘പത്താൻ’ എന്ന ചിത്രത്തിലെ ‘ബേഷ്റം റംഗ്’ എന്ന തുടങ്ങുന്ന ഗാനം പുറത്തുവന്നതു മുതലാണ് ബിജെപി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ ഗാനരംഗത്തിൽ ദീപിക പദുക്കോൺ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം. കാവി നിറമുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണെന്നാണ് ആരോപണം. ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും പ്രതികരിച്ചിരുന്നു.

വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാറുഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ബേഷ്റം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week