ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മഠാധിപതി അറസ്റ്റില്‍. നാലുസംസ്ഥാനങ്ങളിലായി അഞ്ച് ആശ്രമങ്ങളുടെ മേധാവിയായ സര്‍ജുദാസിനെയാണ് രാജസ്ഥാനിലെ ഭില്‍വാരയിലെ ആശ്രമത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നരവര്‍ഷമായി സര്‍ജുദാസ് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരേ ആദ്യം ആസിഡ് ആക്രമണം നടന്നിരുന്നു. ഇതിനുശേഷമാണ് ആശ്രമത്തിലെത്തിയിരുന്ന പെണ്‍കുട്ടിയെ മഠാധിപതി പീഡനത്തിനിരയാക്കിയത്. ആശ്രമത്തിലെത്തുന്ന മറ്റുകുട്ടികളെ ചില ജോലികള്‍ ഏല്‍പ്പിച്ചതിന് ശേഷം ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ആസിഡ് ആക്രമണത്തിന് പിന്നിലും സര്‍ജുദാസ് ആണെന്നും കുടുംബത്തിന് സംശയമുണ്ട്.
ഏതാനുംമാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിനോടാണ് 17-കാരി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ അമ്മയോടും കാര്യം തുറന്നുപറഞ്ഞു. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായും ഇതിനുശേഷമാണ് പോക്‌സോ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എ.എസ്.പി. ഗോവര്‍ധന്‍ ലാല്‍ പറഞ്ഞു. ആത്മീയ നേതാവായ സര്‍ജുദാസിന് ഉത്തര്‍പ്രദേശിലെ അയോധ്യ, ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, മഹാരാഷ്ട്ര. രാജസ്ഥാനിലെ ഭില്‍വാര എന്നിവിടങ്ങളിലാണ് ആശ്രമങ്ങളുള്ളത്.
അതേസമയം, ബുധനാഴ്ച അറസ്റ്റിന് പിന്നാലെ പ്രതി വിഷവസ്തു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.