ചെന്നൈ: വിവാഹമോ ജോലിയോ വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ഒരു സ്ത്രീയുമായി പുരുഷൻ പുലർത്തുന്ന ശാരീരിക ബന്ധത്തെ ഒരിക്കലും ‘ഉഭയസമ്മതപ്രകാരമുള്ള ബന്ധമായി’ (Consensual Relationship) കാണാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീയും പുരുഷനും തമ്മിൽ കാലങ്ങളായി തുടർച്ചയായ ശാരീരിക ബന്ധം പുലർത്തുന്നുണ്ടെന്ന കാര്യം മാത്രം മുൻനിർത്തി, അതിനെ സ്ത്രീ നൽകിയ സ്വതന്ത്രമായ അനുമതിയായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷ്, ജസ്റ്റിസ് കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകി നിരവധി സ്ത്രീകളെ ദീർഘകാലം ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം. ഇത്തരം ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുന്നതിന് മുൻപ്, ഇരകളായ സ്ത്രീകൾ കടന്നുപോയ സാമൂഹികവും മാനസികവുമായ സാഹചര്യങ്ങളെ മുഴുവനായി വിലയിരുത്താൻ കോടതികൾ തയ്യാറാകണമെന്നും ജഡ്ജിമാർ ഓർമ്മിപ്പിച്ചു. വാഗ്ദാനങ്ങളുടെ കെണിയിൽ പെട്ടുപോകുന്ന സ്ത്രീകളുടെ അവസ്ഥയെ കേവലം ‘സമ്മതം’ എന്ന് പറഞ്ഞ് ലഘൂകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പുരുഷന്മാരുമായി വ്യക്തിബന്ധങ്ങൾ പുലർത്തുമ്പോൾ പെൺകുട്ടികളും സ്ത്രീകളും അതീവ ജാഗ്രത പുലർത്തണമെന്നും കോടതി നിർദ്ദേശിച്ചു. സ്വന്തം സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയ വഴിയോ യാതൊരു കാരണവശാലും പങ്കുവെക്കരുതെന്ന് ജസ്റ്റിസുമാർ മുന്നറിയിപ്പ് നൽകി. ഇത്തരം ദൃശ്യങ്ങൾ പിൽക്കാലത്ത് ബ്ലാക്ക് മെയിലിംഗിനും കടുത്ത ചൂഷണങ്ങൾക്കും ആയുധമാക്കപ്പെടാൻ സാധ്യതയേറെയാണെന്ന് ഓർമ്മിപ്പിച്ച കോടതി, സാങ്കേതികവിദ്യ കൈകാര്യം ചെയ്യുമ്പോൾ സ്ത്രീകൾ സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും കൂട്ടിച്ചേർത്തു.
English Summary
The Madras High Court ruled that sexual relations established through false promises of marriage or employment cannot be considered consensual. A Division Bench comprising Justice N. Anand Venkatesh and Justice K. Ramakrishnan stated that a continuous physical relationship does not imply implicit ongoing consent from a woman if it was initiated through deception or coercion. While upholding the life imprisonment of a man who exploited multiple women under false pretexts, the court urged judges to thoroughly analyze the circumstances surrounding the victims. Additionally, the court advised women to remain cautious and refrain from sharing private photos or videos electronically to prevent potential blackmail.


