മധു വധക്കേസ്: ശിക്ഷ കുറഞ്ഞുപോയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍, മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികൾക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞു പോയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടെർ രാജേഷ് മേനോൻ. സർക്കാർ അപ്പീലിന് പോകുമെന്നും പ്രതികൾ കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടേണ്ടവരാണെന്നും രാജേഷ് മേനോൻ പറഞ്ഞു. കേസിൽ ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമായി. വിധി അനുകൂലമായതിൽ സന്തോഷമുണ്ട്, എന്നാൽ ശിക്ഷ ഇത് പോരാ എന്നാണ് അഭിപ്രായമെന്നും രാജേഷ് മേനോൻ വ്യക്തമാക്കി. 

വിധി പുറത്തുവന്നതിന് പിന്നാലെ കോടതിക്കെതിരെ മധുവിന്റെ കുടുംബവും രംഗത്തെത്തി. മണ്ണാർക്കാട് മജിസ്ട്രേറ്റ് എസ് എസി/ എസ് ടി കോടതി വിധിയിൽ മധുവിന് നീതി കിട്ടിയില്ലെന്നാണ് സഹോദരി സരസു പ്രതികരിച്ചത്. കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും. ആദിവാസികൾക്കു വേണ്ടിയുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു. 

പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാത്ത കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികൾ അട്ടിമറിച്ചു. നാല് വർഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികൾക്ക് അനുകൂലമായ രീതിയിൽ സാക്ഷികളെ സ്വാദീനിക്കാനടക്കം സാധിച്ചുവെന്നും നീതി തേടി മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News