പാരിസ്: ഫ്രഞ്ച് പ്രഥമ വനിതയായ ബ്രിജിറ്റ് മക്രോണ്‍ താനൊരു സ്ത്രീയാണെന്ന് തെളിയിക്കാനായി ശാസ്ത്രീയമായ തെളിവുകളും ഫോട്ടോഗ്രാഫുകളും ഒരു യു.എസ് കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. അവരുടെ അഭിഭാഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബ്രിജിറ്റ് മാക്രോണ്‍ പുരുഷനായിട്ടാണ് ജനിച്ചതെന്നാണ് തന്റെ വിശ്വാസമെന്ന് അമേരിക്കന്‍ വലതുപക്ഷ ആശയപ്രചാരകനും പോഡ്കാസ്റ്ററുമായ കാന്‍ഡേസ് ഓവന്‍സ് പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നല്‍കിയ മാനനഷ്ടക്കേസിലാണ് ദമ്പതിമാർ ചിത്രങ്ങളടക്കമുള്ള രേഖകള്‍ ഹാജരാക്കുന്നത്.
ബിബിസിയുടെ ‘ഫെയിം അണ്ടര്‍ ഫയര്‍’ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെ, മാക്രോണ്‍ ദമ്പതിമാർക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനായ ടോം ക്ലെയര്‍, ഈ അവകാശവാദങ്ങള്‍ ബ്രിജിറ്റിന് ‘അങ്ങേയറ്റം വിഷമമുണ്ടാക്കുന്നതാണെന്നും’ ഫ്രഞ്ച് പ്രസിഡന്റിന് ഇത് ‘അവിശ്വസനീയമാംവണ്ണം അസ്വസ്ഥതയുളവാക്കിയ’ ഒന്നാണെന്നും അഭിപ്രായപ്പെട്ടു. ‘ഈ ആരോപണം അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍, ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്ന ഏതൊരാളെയും പോലെ, കുടുംബം ആക്രമിക്കപ്പെടുമ്പോള്‍ അത് നമ്മളെ തളര്‍ത്തും. ഒരു രാജ്യത്തിന്റെ പ്രസിഡന്റായതുകൊണ്ട് മാത്രം അദ്ദേഹം അതില്‍ നിന്ന് മുക്തനല്ല,’- ക്ലെയര്‍ പറഞ്ഞു.
കാന്‍ഡേസ് ഓവന്‍സിന്റെ അവകാശവാദങ്ങളെ നിരാകരിക്കുന്ന മറ്റ് തെളിവുകള്‍ക്കൊപ്പം, ‘ശാസ്ത്രീയ സ്വഭാവമുള്ള’ വിദഗ്ദ്ധ മൊഴികളും ഹാജരാക്കാന്‍ ദമ്പതിമാർ തയ്യാറാണെന്ന് ക്ലെയര്‍ സ്ഥിരീകരിച്ചു. ‘ഇത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഒരാള്‍ക്ക് സ്വയം മുന്നിട്ടിറങ്ങേണ്ടി വരുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്,’ അദ്ദേഹം പറഞ്ഞു. ‘പക്ഷേ, അവര്‍ അതിന് തയ്യാറാണ്. സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ എന്തും ചെയ്യാന്‍ അവര്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു,’ -അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.


