ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് അന്‍വറിനെ പുറന്തള്ളണമെന്ന അഭിപ്രായം അന്നും ഇന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്‍വറിന്റെ പരാതിയില്‍ ശരിയായ നടപടി സ്വീകരിച്ച് മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് മുന്നോട്ടുപോകുകയാണ് അൻവർ. തെറ്റുതിരുത്തി കൂടെ നിര്‍ത്തുന്നതിന് പാര്‍ട്ടി സ്വീകരിച്ച സമീപനത്തെ അംഗീകരിക്കുന്നില്ല എന്നാണ് ഇതിന്‍റെ അർഥം.
തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറാകാതെ സ്വതന്ത്രനായി നിയമസഭയില്‍ നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന രീതിയാണ് അന്‍വര്‍ സ്വീകരിച്ചത്. ഇതോടെയാണ് എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.