പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകരയില്‍ യു.ഡി.എഫാണ് അശ്ലീലതയും വര്‍ഗീയതയും പ്രചരിപ്പിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇതിന് ബി.ജെ.പിയുടെ പൂര്‍ണ്ണപിന്തുണ ഉണ്ടായിരുന്നു. യു.ഡി.എഫ്. നേതാക്കളാണ് ആദ്യം മാപ്പ് പറഞ്ഞുതുടങ്ങേണ്ടതെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാഫിര്‍സന്ദേശസ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയുടേയും അശ്ലീലച്ചുവയുടേയും ഗുണഭോക്താക്കള്‍ എല്‍.ഡി.എഫോ സി.പി.എമ്മോ അല്ല. മത്സരരംഗത്തേക്ക് വരുന്ന ആദ്യത്തെ ദിവസം തന്നെ ടീച്ചറമ്മയെന്ന് വിളിച്ച് പരിഹസിച്ച് തുടങ്ങി. കള്ള ലെറ്റര്‍പാഡ് ഉണ്ടാക്കിയത് ഉള്‍പ്പെടെ നിരവധി കേസുകള്‍ വന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ആളും അവര്‍ക്കെതിരെ കേസുമുണ്ട്. ഇത് തേച്ചുമാച്ചു കളയാന്‍ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായ കാഫിര്‍സന്ദേശ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് പാര്‍ട്ടി അനുകൂല സാമൂഹികമാധ്യമങ്ങളിലാണെന്ന് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ റിബേഷ് റെഡ് എന്‍കൗണ്ടര്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആദ്യം ഷെയര്‍ ചെയ്ത സന്ദേശമാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
റെഡ് എന്‍കൗണ്ടര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് റെഡ് ബെറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കും അവിടെനിന്ന് അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ ഫെയ്‌സ്ബുക്ക് പേജുകളിലും ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. മുന്‍ എം.എല്‍.എയായ കെ.കെ. ലതികയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍