പാലക്കാട്: ജെഡിഎസ് – ബിജെപി സഖ്യത്തിന് പിണറായി വിജയന്റെ സമ്മതമുണ്ടായിരുന്നുവെന്ന വാർത്ത ബിജെപിക്ക് വഴിയൊരുക്കാൻ വേണ്ടി രൂപപ്പെടുത്തിയതെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജെഡിഎസ് ദേശീയാദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിട്ടും മനസ്സിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ജെഡിഎസ് – ബിജെപി സഖ്യത്തിന് പിണറായി വിജയന്‍ സമ്മതം നല്‍കിയെന്ന് പറഞ്ഞെങ്കിലും പിന്നീട് ദേവഗൌഡ തന്റെ പ്രസ്താവനയിൽ നിന്ന് മലക്കം മറിയുകയായിരുന്നു. സിപിഐഎം, ജെഡിഎസ്-എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞിരുന്നു.
ഇടതുമുന്നണിക്ക് രാജ്യത്തെമ്പാടുമുള്ള നിലപാട് ഒന്നാണ്. ബിജെപിക്കെതിരെ അതിശക്തമായ നിലാപാടാണ് എക്കാലത്തും പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ബിജെപിയും കോൺഗ്രസ്സും ഒന്നിച്ച് ചേരാൻ വേണ്ടി എൽഡിഎഫിനെ തോൽപ്പിക്കാൻ നടക്കുകയാണ്. ബിജെപിയെ തോൽപ്പിക്കുക എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇൻഡ്യ മുന്നണിയെ ഇത് ബാധിക്കുമെന്ന് കോൺഗ്രസ് മനസിലാക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ബിജെപിയെ താഴെ ഇറക്കണമെന്ന് കോൺഗ്രസ്സിന് ആത്മാർത്ഥമായ ആഗ്രഹമില്ല. അത് ഉണ്ടെങ്കിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത്. മന്ത്രിമാരെ പുറത്താക്കാത്തത്തിൽ ധാർമിക പ്രശ്നം ഒന്നുമില്ല. ഇപ്പോൾ പത്രങ്ങൾക്ക് വേണ്ടിയുള്ള തലക്കുറിപ്പ് തന്നെ തീരുമാനിക്കുന്നത് ബിജെപിയാണ്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങൾ അത് കാണിച്ചില്ലല്ലോ. മുഖ്യമന്ത്രിയുടെ പേര് ഇക്കാര്യത്തിൽ വലിച്ചിഴച്ചതിൽ ഗൂഢാലോചനയുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.