തിരുവനന്തപുരം : മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. താൻ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ സുധാകരന്റെ അവസ്ഥ അതുകൊണ്ട് പ്രത്യേകം പറയുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ഇന്നലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി 354, ഐപിസി 376 (3), പോക്‌സോ വകുപ്പ് 7, 8 എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്നും കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
2019-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. കലൂരിലെ വീട്ടിൽ വെച്ച് വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയ്‌ക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതായായും പരാതിയിൽ പറയുന്നു.
പുരാവസ്തു തട്ടിപ്പ് കേസിൽ 2021-ലാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മോൻസനെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.