ക്ഷേമപെന്‍ഷന്‍ വിതരണം തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയെന്ന പരിഹാസം ലക്ഷക്കണക്കിന് മനുഷ്യരോടുള്ള അവഹേളനം; കെ സി വേണുഗോപാലിനെതിരെ എം സ്വരാജ്

നിലമ്പൂര്‍: ക്ഷേമപെന്‍ഷന്‍ വിതരണം തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യരോടുള്ള അവഹേളനമാണ് വേണുഗോപാലിന്റെ പ്രസ്താവനയെന്ന് സ്വരാജ് പ്രതികരിച്ചു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷത്തെ കണ്ണടച്ച് എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം. പെന്‍ഷന്‍ സംബന്ധിച്ച പരാമര്‍ശം വേണുഗോപാലിന്റെ മാത്രം കുഴപ്പമല്ല, കോണ്‍ഗ്രസിന് അങ്ങനൊരു നിലപാട് പണ്ടേയുണ്ട്. ഇന്ത്യയില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയത് നായനാര്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിലാണ്. അന്നത് അവിശ്വസനീയമായിരുന്നു. അന്നുവരെയുള്ള സാമ്പ്രദായികബോധം പെന്‍ഷന്‍ എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്ന് വിരമിച്ചാല്‍ ലഭിക്കുന്ന പ്രതിമാസ ആനുകൂല്യം എന്നായിരുന്നു. അപ്പോഴാണ് കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചത്.

തീരുമാനം വലിയ ചര്‍ച്ചയായി. അന്ന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് വലിയ എതിര്‍പ്പുയര്‍ത്തി. കര്‍ഷകത്തൊഴിലാളിക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പാടില്ല, അതൊരു പാഴ്‌ച്ചെലവാണ് എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. പലനേതാക്കളും പ്രസംഗിച്ചത് കര്‍കത്തൊഴിലാളികള്‍ ആ കാശിന് കള്ള് കുടിക്കുമെന്നാണ്. ആ എതിര്‍പ്പിനെ മറികടന്നാണ് എല്‍ഡിഎഫ് പെന്‍ഷന്‍ അനുവദിച്ചത്. ഇടതുപക്ഷം കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുക്കുക മാത്രമല്ല, അവകാശബോധം പകര്‍ന്നുകൊടുക്കുകയും ചെയ്തുവെന്ന് സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ കൊടുക്കണം എന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. പെന്‍ഷന്‍ എല്ലാം വര്‍ധിപ്പിക്കണം, ചുരുങ്ങിയത് 2500 രൂപയെങ്കിലും ആക്കണം എന്നാണ് എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. അത് നടക്കാത്തത് കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അനീതികൊണ്ടാണ്. യുഡിഎഫ് ഭരണകാലത്ത് പെന്‍ഷന്‍ കൊടുക്കുകയോ വര്‍ധിപ്പിക്കുകയോ ചെയ്തിട്ടില്ല. ചരിത്രത്തോടും കാലത്തോടും ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യരോടുമുള്ള അവഹേളനമാണ് വേണുഗോപാലിന്റെ പ്രസ്താവനയെന്നും സ്വരാജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News