പ്രകടനമാണ് മാനദണ്ഡമെങ്കില്‍ ചിലര്‍ 22ാം വയസില്‍ കളി നിര്‍ത്തേണ്ടി വരും; ഐപിഎല്‍ വിരമിക്കലിനെ കുറിച്ച് പ്രതികരണവുമായി ധോണി

പ്രകടനമാണ് മാനദണ്ഡമെങ്കില്‍ ചിലര്‍ 22ാം വയസില്‍ കളി നിര്‍ത്തേണ്ടി വരും; ഐപിഎല്‍ വിരമിക്കലിനെ കുറിച്ച് പ്രതികരണവുമായി ധോണി

അഹമ്മദാബാദ്: ഐപിഎല്ലില്‍നിന്ന് വിരമിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഒളിയമ്പുമായി മഹീന്ദ്ര സിംഗ് ധോണി. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ സര്‍പ്രൈസ് നിലനിര്‍ത്തുകയാണ് താരം. ഐപിഎല്ലില്‍ ഇന്നലെ ഗുജറാത്തിനെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു ധോനിയുടെ പ്രതികരണം.

'അടുത്ത സീസണിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. തീരുമാനമെടുക്കാന്‍ എന്റെ മുന്നില്‍ 4മുതല്‍ 5 മാസം സമയമുണ്ട്. ഫിറ്റ്നസ് നിലനിര്‍ത്തുകയാണ് ആദ്യ ദൗത്യം. റാഞ്ചിയിലേക്കു തിരിച്ചുപോയ ശേഷം അല്‍പം വിശ്രമം. പിന്നാലെ കുറച്ചു ബൈക്ക് റൈഡുകള്‍. അതുകഴിഞ്ഞു വേണം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍.' ധോനി പറഞ്ഞു..

'ഐപിഎലില്‍ തുടരുമെന്നോ കളി മതിയാക്കുമെന്നോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പ്രകടനം മാത്രം നോക്കി കളിക്കാര്‍ വിരമിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ 22 വയസില്‍ തന്നെ കളി മതിയാക്കേണ്ടി വരും. ഒരാളില്‍ എത്രത്തോളം ആവേശമുണ്ട്, കായികക്ഷമതയുണ്ട് തുടങ്ങിയവയാണ് പ്രധാനം. എന്തായാലും എനിക്കു മുന്നില്‍ ഇഷ്ടം പോലെ സമയമുണ്ട്. കാത്തിരുന്നു കാണാം' ധോനി പറഞ്ഞു.

ഐപിഎല്‍ സീസണില്‍ അവസാന സ്ഥാനക്കാരായാണ് മടക്കമെങ്കിലും അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൂറ്റന്‍ വിജയം നേടിയാണ് ധോനിയും സംഘവും മടങ്ങുന്നത്. മത്സരത്തില്‍ ഗുജറാത്തിനെതിരെ 83 റണ്‍സിന്റെ ജയമാണ് ചെന്നൈ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News