ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് ലാഭത്തേക്കാൾ നഷ്ടമുണ്ടാക്കും;വിമർശനവുമായി എം.എൻ. കാരശ്ശേരി

ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് ലാഭത്തേക്കാൾ നഷ്ടമുണ്ടാക്കും- എം.എൻ. കാരശ്ശേരി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് ലാഭത്തേക്കാൾ നഷ്ടമുണ്ടാക്കുമെന്ന് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ എം.എൻ. കാരശ്ശേരി. കാരശ്ശേരി പഞ്ചായത്തിലെ ചോനാട് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വെൽഫെയർ പാർട്ടി എന്നത് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമാണ്‌. ജമാഅത്തെ ഇസ്ലാമിയുമായിട്ട് ആര് കൂട്ടുകൂടുന്നതിനും താൻ എതിരാണെന്നും അവർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് കാണിച്ച ഒരു അബദ്ധമാണ് വെൽഫെയർ പാർട്ടിയുമായിട്ടുള്ള ബന്ധമെന്നും കാരശ്ശേരി പറഞ്ഞു.

‘ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് ലാഭത്തേക്കാൾ അധികം നഷ്ടമുണ്ടാക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം ഇവിടുത്തെ നിഷ്പക്ഷ വോട്ടർമാരെ തീർച്ചയായിട്ടും അത് സ്വാധീനിക്കും. നിങ്ങൾ ഹിന്ദു രാഷ്ട്രവാദികളെ എതിർക്കുന്നത് പോലെ തന്നെ ഇസ്ലാമിക രാഷ്ട്രവാദികളെ എതിർക്കണം. കാരണം ജനാധിപത്യം എന്ന് പറയുന്നത് മതേതരത്വത്തിലും ദേശീയതയിലും അധിഷ്ഠിതമായ ഒന്നാണ്.

‘മതേതരത്വത്തിലോ ദേശീയതയിലോ ജനാധിപത്യത്തിലോ വിശ്വാസമില്ലാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. അവർക്ക് വിശ്വാസമുണ്ട് എന്ന് ഇപ്പോൾ പറയുന്നത് തീർച്ചയായിട്ടും കാപട്യമാണ്. അവരുടെ മുഖം പാകിസ്ഥാനിലും ബംഗ്ലാദേശിലും മ്യാന്മറിലും ശ്രീലങ്കയിലും ഒക്കെ അത് വെളിപ്പെട്ടതാണ്. ഇപ്പോ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ മതരാഷ്ട്രവാദം പറയുന്ന അബുൽ അലാം മൗദൂദിയുടെ പുസ്തകങ്ങൾ ഇപ്പോഴും അച്ചടിക്കുന്നുണ്ട്.

ഇപ്പോഴും അത് വിൽക്കുന്നുണ്ട്. മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയതക്കും എതിരായിട്ടുള്ള സിദ്ധാന്തം ഉണ്ടാക്കിയ ഇസ്ലാമിക രാഷ്ട്രവാദിയാണ് അബുൽ ഹലാ മൗദൂദി. അദ്ദേഹമാണ് അവരുടെ സ്ഥാപകൻ. ആ സ്ഥാപകനെ അവർ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല. തള്ളി പറഞ്ഞാൽ ജമാഅത്തെ ഇസ്ലാമി ഇല്ല.’- അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News