'പടനയിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു'; വി ഡി സതീശന് ആശംസയുമായി എം എം മണി

'പടനയിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു'; വി ഡി സതീശന് ആശംസയുമായി എം എം മണി

ഇടുക്കി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ അഭിനന്ദിച്ച് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നത്. പടനയിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുവെന്നും, വി.ഡി. സതീശന് എല്ലാവിധ ആശംസകളും നേരുന്നുവെന്നുമാണ് മണി കുറിച്ചത്. നേരത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ചുകൊണ്ട് 'വോട്ട് ചെയ്തവരേയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമോ?' എന്ന് മണി ചോദിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ആരോഗ്യകരമായ രാഷ്ട്രീയ മര്യാദ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം ആശംസ അറിയിച്ചത്.

പത്ത് ദിവസം നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കും സസ്‌പെന്‍സിനുമാണ് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തോടെ അവസാനമായത്. എഐസിസി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകള്‍ക്കും നേതൃത്വ തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News