ഇടുക്കി: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം. മണി. സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോൺഗ്രസ് നേതാവില്ലെന്നും മരിക്കുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും മണി പ്രതികരിച്ചു. ഇടുക്കിയിൽ നടന്ന സിപിഎം പാർട്ടി പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് എംഎം മണിയുടെ വിമർശനം.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പിടി തോമസ്. അതൊന്നും മറക്കാൻ പറ്റില്ല. മരിച്ചുകഴിയുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദയുടെ കാര്യമാണെന്നും എംഎം മണി പറഞ്ഞു.
ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പിടി തോമസും ചേർന്നാണ് തന്റെ പേരിൽ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോൾ പുണ്യവാളനാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും എം.എം. മണി തുറന്നടിച്ചു.