തൊടുപുഴ :ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമർശവുമായി മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണി. ഗവർണറെ ഇടുക്കിയിലേക്ക് കയറാൻ അനുവദിക്കരുതെന്നും ഭൂപതിവ് നിയമം ഒപ്പിടാത്ത ഗവര്‍ണര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് ഇടുക്കിയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്നതിന് തുല്യമാണെന്നും എംഎം മണി പറഞ്ഞു.ഭൂനിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ 9ന് എൽ ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്താനിരിക്കെ അതേദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ജില്ലയിലേക്കെത്തുന്നുണ്ട്. ഇതിനെതിരെയാണ് എംഎം മണി രംഗത്തെത്തിയത്.
ഒമ്പതിലെ പരിപാടിയില്‍ പ്രസംഗിക്കാന്‍ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവര്‍ണര്‍. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടുന്നില്ല. നിങ്ങള്‍ എല്ലാവരും കൂടെ തിരഞ്ഞെടുത്ത് അയച്ചതല്ലേ ജനപ്രതിനിധികളെ. അവര് പാസാക്കിയതാ നിയമം. അത് ഒപ്പിടാത്ത നാറിയെ നിങ്ങള്‍ കച്ചവടക്കാര്‍ പൊന്നുകൊണ്ട് പുളിശ്ശേരി വെച്ച് സ്വീകരിക്കുകയെന്ന് പറഞ്ഞാല്‍, ഈ ഇടുക്കിയിലെ ജനങ്ങൾ വിഡ്ഢികളാണോ?
ശുദ്ധമര്യാദകേടാണെന്നാണ് എന്റെ അഭിപ്രായം. ഇവിടുത്തെ ജനങ്ങളുടെ ഭാഗമല്ലേ കച്ചവടക്കാര്‍? അതോ നിങ്ങള്‍ ഭൂട്ടാനില്‍നിന്ന് വന്നതാണോ? ഇത് ശരിയല്ല, ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ട കാര്യമില്ല.’സമയമുണ്ട്. അന്ന് ഇടുക്കി ജില്ല പ്രവര്‍ത്തിക്കണോയെന്ന് തീരുമാനിക്കാമല്ലോ നമ്മള്‍ക്ക്. ഏതായാലും പുനഃരാലോചിക്കണമെന്നാണ് എന്റെ അഭിപ്രായം.
ഭൂപതിവ് നിയമം ഒപ്പിടാത്ത ഗവര്‍ണര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് ഇടുക്കിയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന നാലാം തരത്തിലെ അഞ്ചാംതരം പണി, ഒരുമാതിരി പെറപ്പ് പണിയാണെന്നാണ് എന്റെ അഭിപ്രായം. അത് നിസാര കാര്യമല്ല, അയാൾ ആരാണ്, ഉത്തരേന്ത്യയിൽ നിന്ന് വന്ന് കിടക്കുന്ന ഒരുത്തൻ’, എംഎം മണി പറഞ്ഞു