മൂന്നാർ: ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്‌ക്കെതിരെയും അധിക്ഷേപ പ്രസംഗവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി ദേവികുളം സബ് കളക്ടർ തെമ്മാടിയാണെന്നായിരുന്നു എംഎൽഎയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടാകുമ്പോൾ സബ് കളക്ടർ അത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും എംഎം മണി ആരോപിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിൽ ദേവികുളം ആർഡിഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി.
‘മുഖ്യമന്ത്രി നൽകിയ നിർദ്ദേശം അങ്ങാടി പ്രസംഗമാണെന്ന് പറഞ്ഞ സബ് കളക്ടർ തെമ്മാടിയാണ്. ഇത് യുപി അല്ല കേരളമാണ്. യുപിയിൽ ദളിതർ ഉൾപ്പെടെയുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കുകയാണ്. അവിടുന്ന് വന്ന സബ് കളക്ടർ ഭൂവിഷയങ്ങളിൽ ഇവിടുത്തെ ജനങ്ങളെ വിഷമത്തിലാക്കുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങും,’ എംഎം മണി പറഞ്ഞു.
ജില്ലയിലെ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സബ് കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ച സബ് കളക്ടർ മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാൽ മതിയെന്ന് പറഞ്ഞുവെന്ന് സിപിഐഎം ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു സിപിഐഎം മാർച്ച്.
ദേവികുളം ഇറച്ചിപ്പാറയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ ആർഡിഒ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെവി ശശി, വിഎൻ മോഹനൻ, ഷൈലജ സുരേന്ദ്രൻ, ദേവികുളം എംഎൽഎ അഡ്വ. എ രാജ, ഏരിയ സെക്രട്ടറി കെകെ വിജയൻ എന്നിവർ മാർച്ചിൽ പങ്കെടുത്തു.
അതേസമയം എം.എം.മണി എംഎൽഎയുടെ സഹോദരൻ ലംബോദരന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് നിർമ്മിച്ച സിപ് ലൈൻ പദ്ധതിക്ക് റവന്യൂ വകുപ്പിന്റെ നോട്ടിസ് നൽകുക അടക്കം ഉണ്ടായിരുന്നു. ഭൂപതിപ്പ് ചട്ടം ലംഘിച്ചതിന്റെ പേരിൽ പട്ടയം റദ്ദാക്കുന്നതിന് മുന്നോടിയായി വിശദീകരണം നൽകാനാണ് നിർദ്ദേശം നൽകിയത്. ഈ വിഷയം കൂടിയാണ് എംഎം മണിയെ ചൊടിപ്പിിച്ചതെന്ാണ് സൂചന.
ഇടുക്കി വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്തു സ്ഥാപിച്ച സിപ് ലൈൻ പദ്ധതിക്കാണ് റവന്യു വകുപ്പ് നോട്ടിസ്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയിൽ ദേശീയപാതയോടു ചേർന്നാണ് സാഹസിക ടൂറിസത്തിന്റെ ഭാഗമായ സിപ് ലൈൻ പദ്ധതിക്കു വേണ്ടിയുള്ള നിർമ്മാണം ആരംഭിച്ചത്. 64ലെ ഭൂപതിവു നിയമം അനുസരിച്ചു നൽകുന്ന പട്ടയഭൂമിയിൽ വീട് നിർമ്മാണത്തിനും കൃഷിക്കും മാത്രമേ അനുവാദമുള്ളു. ഭൂപതിവു ചട്ടം ലംഘിച്ചു നിർമ്മാണം നടത്തിയെന്നാണു റവന്യു വകുപ്പിന്റെ നോട്ടിസ്. വരുന്ന 20നു ദേവികുളം സബ് കലക്ടറുടെ മുന്നിൽ ഹാജരാവാനാണു നോട്ടിസിലെ നിർദ്ദേശം.
2020ൽ ആരംഭിച്ച പദ്ധതിക്കു വെള്ളത്തൂവൽ പഞ്ചായത്തും ടൂറിസം വകുപ്പും ദേശീയപാതാ അഥോറിറ്റിയും അനുമതി നൽകിയിരുന്നു. 2022 മേയിൽ പദ്ധതി പുനരാരംഭിച്ചു. റവന്യു വകുപ്പ് വെള്ളത്തൂവൽ ഉൾപ്പെടെ 8 വില്ലേജുകളിൽ താൽക്കാലിക നിർമ്മിതികൾക്കു പോലും നിരാക്ഷേപ പത്രം നൽകാത്ത സാഹചര്യമാണ്. സ്ഥിര നിർമ്മാണം അല്ലാത്തതിനാൽ റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു പഞ്ചായത്ത് അന്നു നൽകിയ വിശദീകരണം. സംഭവം വിവാദമായതോടെയാണു റവന്യു വകുപ്പ് ലംബോധരന്റെ ഭാര്യയുടെ പേരിൽ നോട്ടിസ് നൽകിയത്.