കൊച്ചി: ബിജെപിയില്‍ ചേര്‍ന്ന മകന്‍ അഡ്വ. എബ്രഹാം ലോറന്‍സിനെ തള്ളി മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. മകന്‍ നിലവില്‍ സിപിഎം അംഗമല്ലെന്നും സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകന്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറന്‍സ് വ്യക്തമാക്കി.
അതേസമയം ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ടതെന്ന് അഡ്വ.എബ്രഹാം ലോറന്‍സ് പറഞ്ഞു. സി പി എം ഗുരുതരമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ മയക്കുമരുന്നു കേസ്സുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരിക്കുന്നു. സിപിഎം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളപ്പണം വെളുപ്പിക്കുന്ന മറ്റൊരു കേസ്സില്‍ അറസ്റ്റിലും .രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സ്വര്‍ണ്ണക്കടത്തു കേസ്സ് മുഖ്യമന്ത്രിക്ക് നേരെ വരെ എത്തിയിരിക്കുന്നു. ഇതിനെതിരെയുള്ള തന്റെ പ്രതിഷേധം കൂടിയാണ് ബി ജെ പി പ്രവേശനമെന്നു അദ്ദേഹം വ്യക്തമാക്കി.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍. രാധാകൃഷ്ണനുമൊപ്പം ജില്ലാ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കൃതിയിലും പാരമ്പര്യത്തിലും ചെറുപ്പം മുതലേ വലിയ താല്‍പര്യമായിരുന്നു. മാതൃരാജ്യം ,ദേശ സ്‌നേഹം എന്നിവയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി ജെ പി യോടായിരുന്നു ആഭിമുഖ്യമെന്നും ബിജെപി യുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും എബ്രഹാം ലോറന്‍സ് വ്യക്തമാക്കി. എബ്രഹാം ലോറന്‍സിന് പാര്‍ട്ടി അംഗത്വം ബിജെപി ദേശീയ അധ്യക്ഷന്‍ ഓണ്‍ലൈനിനായി നല്‍കുമെന്ന് എറണാകുളം ജില്ല നേതൃത്വം അറിയിച്ചു.