ചെന്നൈ: തന്റെ ഭരണത്തില്‍ ക്രമക്കേടുകളും അച്ചടക്കരാഹിത്യവും വര്‍ദ്ധിച്ചാല്‍ നടപടിയെടുക്കാന്‍ ‘ഏകാധിപതി’യായി മാറുമെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.
ജനപ്രതിനിധികള്‍ നയമത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നാമക്കലില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ വളരെ ജനാധിപത്യപരമായി മാറിയെന്ന് എന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആര്‍ക്കും എന്തും ചെയ്യാമെന്നതല്ല ജനാധിപത്യം. ഞാന്‍ ആ വഴിക്ക് തിരിഞ്ഞിട്ടില്ല, എന്നാല്‍ അച്ചടക്കമില്ലായ്മയും ദുരാചാരങ്ങളും വര്‍ദ്ധിച്ചാല്‍, ഞാന്‍ ഒരു ഏകാധിപതിയായി മാറുകയും നടപടിയെടുക്കുകയും ചെയ്യും,’ സ്റ്റാലിന്‍ വ്യക്തമാക്കി. താന്‍ ഇത് തദ്ദേശ സ്ഥാപന പ്രതിനിധികളോട് മാത്രമല്ല എല്ലാവരോടും പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ചുമതലകള്‍ ഭര്‍ത്താക്കന്മാര്‍ക്ക് വിട്ടുകൊടുക്കരുതെന്ന് സ്റ്റാലിന്‍ വനിതാ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമം അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും അല്ലാത്തവര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും സ്റ്റാലിന്‍ പറഞ്ഞു.