ന്യൂഡൽഹി: ലോക്‌സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴും, ഇതുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണ്ണയ നടപടികളിൽ കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത തേടി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിലാണ് പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനുമായി കാത്തുനിൽക്കാതെ, ലോക്‌സഭയുടെ നിലവിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണ്ണയ നടപടികൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കുന്ന രീതിയിലാകരുത് മണ്ഡല പുനർനിർണ്ണയമെന്നും, അല്ലാത്തപക്ഷം ഈ നടപടികൾ 25 വർഷത്തേക്ക് മാറ്റിവയ്ക്കണമെന്നും ശിവ പറഞ്ഞു.
നേരത്തെ മണ്ഡല പുനർനിർണ്ണയ നീക്കങ്ങളെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ, ഇപ്പോൾ ഈ ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭരണപക്ഷമായ എൻ.ഡി.എയ്ക്ക് ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ ഡി.എം.കെയുടെ 22 എം.പിമാരുടെ പിന്തുണ നിർണ്ണായകമാണ്. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ 360 വോട്ടുകൾ തികയ്ക്കാൻ 319 എം.പിമാരുള്ള എൻ.ഡി.എയ്ക്ക് ഡി.എം.കെയുടെ നിലപാട് വലിയ ആശ്വാസമാകും.


