കൊച്ചി:കോര്‍പറേഷന്‍ ഭരണം 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇടതുമുന്നണി തിരിച്ചുപിടിച്ചു.സി.പി.എമ്മിലെ എം.അനില്‍ കുമാര്‍ മേയറായി. കോണ്‍ഗ്രസിലെ ആന്റണി കുരീത്തറയെ തോല്‍പ്പിച്ചാണ് അനില്‍ കുമാര്‍ മേയറായത്.
തെരഞ്ഞെടുപ്പിനു ശേഷം അഡ്വ എം അനിൽകുമാർ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരിയായ ജില്ലാ കളക്ടർ എസ് സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോർപ്പറേഷൻ 33-ാം ഡിവിഷൻ കൗൺസിലറാണ് അഡ്വ എം അനിൽകുമാർ . രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മേയറെ തിരഞ്ഞെടുത്തത്. ആകെയുള്ള 74 കൗൺസിലർമാരിൽ 73 പേർ ആദ്യ ഘട്ട വോട്ടെടുപ്പിലും 68 കൗൺസിലർമാർ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു. എൽ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി പ്രതിനിധികളായ അഡ്വ. എം അനിൽകുമാർ , അഡ്വ. ആൻ്റണി കുരീത്തറ, സുധ ദിലീപ് കുമാർ എന്നിവരാണ് മത്സരിച്ചത്. ആദ്യ ഘട്ടത്തിൽ യഥാക്രമം 36,32, 5 വോട്ടുകൾ എൽ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി കൗൺസിലർമാർ നേടി. 23-ാം ഡിവിഷൻ കൗൺസിലർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. തിരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പിൽ അഡ്വ എം അനിൽകുമാർ 36 വോട്ടും അഡ്വ ആന്റണി കുരീത്തറ 32 വോട്ടുമാണ് നേടിയത്. ബി ജെ പി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടന്നത്.
74 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് പക്ഷത്ത് നിലവില്‍ 36 അംഗങ്ങളുണ്ട്. യുഡിഎഫിന് 31. എന്‍ഡിഎയ്ക്ക് അഞ്ച്. രണ്ട് സ്വതന്ത്രാംഗങ്ങള്‍ എന്നിങ്ങനെയാണ്.സ്വതന്ത്ര കൗണ്‍സിലര്‍മാരായ ടി കെ അഷറഫ്, സനല്‍മോന്‍ എന്നിവരാണ് എല്‍ഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു സ്വതന്ത്രാംഗങ്ങളായ മേരി കലിസ്റ്റ പ്രകാശനും കെ പി ആന്റണിയും ആരെയും പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയിരുന്ന എന്‍ വേണുഗോപാലും മുന്‍ ഡെപ്യൂട്ടി മേയറും ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. കോണ്‍ഗ്രസിനും യുഡിഎഫിനും മുന്‍ തവണത്തേക്കാള്‍ സീറ്റുകളും കുറഞ്ഞിരുന്നു.