രാജകുടുംബം വിമാനമയച്ചു, എം.എ.യൂസഫലി അബുദാബിയ്ക്ക് മടങ്ങി, ചതുപ്പിൽനിന്ന് ഉയർത്തിയ ഹെലികോപ്റ്റർ നെടുമ്പാശ്ശേരിയ്ക്ക് മാറ്റി

കൊച്ചി:ഹെലികോപ്റ്റർ അപകടത്തിനു ശേഷം കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ കഴിയുകയായിരുന്ന പ്രവാസി വ്യവസായി എം എ യൂസഫലി അബുദാബിയിലേക്ക് പോയി.ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദബിക്കു തിരിച്ചത്.അബുദബി രാജകുടുംബം യൂസഫലിയ്ക്കായി വിമാനം അയയ്ക്കുകയായിരുന്നു.യൂസഫലിയുടെ തുടർ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിച്ചു.അപകട വിവരമറിഞ്ഞ് ദുബായിലുള്ള യൂസഫലിയുടെ മരുമകൻ ഷംസീർ വയലിൽ കൊച്ചിയിലെത്തിയിരുന്നു.

അപകടത്തിൽപ്പെട്ട ഹെലികോപ്ടർ ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി ഡൽഹിയിൽ നിന്നും എത്തിയ വിദഗ്ദരാണ് വിമാനം മാറ്റിയത്.പങ്കകൾ ഊരിമാറ്റിയ ശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ട്രെയിലർ മാർഗമാണ് ഹെലികോപ്ടർ മാറ്റിയത്.

ഇന്നലെ രാവിലെയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടത്. പനങ്ങാട് കുഫോസ് ഗ്രൗണ്ടിൽ ഇറക്കുന്നതിനു നിശ്ചയിച്ച ഹെലികോപ്റ്റർ സമീപത്തുള്ള ചതുപ്പ് സ്ഥലത്ത് ഇടിച്ചിറക്കുകയായിരുന്നു

ചുറ്റിലും മതിലും കെട്ടിടങ്ങളും സമീപത്ത് റോഡുമുണ്ടായിട്ടും കൃത്യമായി ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ സുരക്ഷിതമായി ഇടിച്ചിറക്കണമെങ്കില്‍ അതിനു വൈദഗ്ധ്യവും അനുഭവസമ്പത്തും കുറച്ചൊന്നുമല്ല വേണ്ടത്. അത്തരമൊരാള്‍തന്നെയായിരുന്നു യൂസഫലിയുടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നതും-മലയാളി വൈമാനികന്‍ അശോക് കുമാര്‍. സഹ പൈലറ്റ് കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശി ശിവകുമാര്‍. എന്നാല്‍ പൈലറ്റിന്റെ വൈദഗ്ധ്യംകൊണ്ടു മാത്രമാണ് അപകടത്തില്‍നിന്നു രക്ഷപെട്ടെതെന്നു പറയാനാവില്ലെന്നും ഈ മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കനത്ത മഴയും കാറ്റുമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിന്റെ കാരണവും വ്യക്തമല്ല. ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലാണ് വൈമാനികന്‍ എന്ന നിലയില്‍ കോട്ടയം കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറിന്റെ വൈദഗ്ധ്യം നിര്‍ണായകമായത്. ബെംഗളൂരുവില്‍ സൈനിക സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഇന്ത്യന്‍ നാവികസേനയിലെ 24 വര്‍ഷത്തെ സേവനം നല്‍കിയ അനുഭവ പരിചയവും വലിയൊരു ദുരന്തം ഒഴിവാക്കുന്നതില്‍ സഹായകമായി.

നാവികസേനയില്‍ കപ്പലിന്റെ സിഇഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. നേവിയില്‍നിന്നു വിരമിച്ച ശേഷം ഒഎസ്എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ച ശേഷമാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല പ്രമുഖര്‍ക്കു വേണ്ടിയും ഹെലികോപ്റ്ററുകള്‍ പറത്തിയതും അശോക് കുമാറായിരുന്നു.

പറക്കുന്നതിനിടെ ഒരേസമയം രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ട്വിന്‍ എന്‍ജിന്‍ ഹെലികോപ്റ്ററുകള്‍ക്കു നിയന്ത്രണം നഷ്ടമാകുക. ഒപ്പം കാലാവസ്ഥ മോശമാകുക കൂടി ചെയ്താല്‍ ഭീഷണി ഇരട്ടിയാണ്. ഇവിടെ സംഭവിച്ചത് എന്താണെന്നു വ്യക്തമാകാന്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളില്‍നിന്നു നിയന്ത്രണം വിട്ടാല്‍ ഓട്ടോ റൊട്ടേഷനിലായിരിക്കും. അതായത് ഹെലികോപ്റ്ററിന്റെ റോട്ടറിനെ അന്തരീക്ഷത്തിലെ കാറ്റായിരിക്കും നിയന്ത്രിക്കുക. ഒരു കുഞ്ഞു കാറ്റില്‍ പോലും പൈലറ്റിനു ലക്ഷ്യസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാവില്ലെന്ന ഈ സാഹചര്യത്തിലാണ് അശോക് കുമാറും സഹ പൈലറ്റും ചതുപ്പുനിലത്തിറക്കാനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചത്.

‘ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍…’ ഈ സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു അപകടമെന്ന് സ്ഥലം സന്ദര്‍ശിച്ചവര്‍ക്കും വിഡിയോകള്‍ കണ്ടവര്‍ക്കും ബോധ്യപ്പെടും. കൃത്യം വെള്ളം നിറഞ്ഞ ചതുപ്പിലേക്ക് അല്ലാതെയുള്ള ഏതു വീഴ്ചയും വലിയ തീപിടിത്തത്തിന് ഇടയാക്കുമായിരുന്നു. കമ്പികള്‍ കിടന്നിരുന്ന സ്ഥലത്താണിറങ്ങുന്നതെങ്കിലും തീപിടിക്കും. മതിലിലായിരുന്നെങ്കിലും തീപിടിത്തം ഉറപ്പ്. റോട്ടര്‍ ബ്ലേഡ് മതിലില്‍ ഇടിച്ചാലും അപകടസാധ്യതയേറെ. ഹെലികോപ്റ്ററിനെ എടുത്തു മറിക്കുന്നതിനും കനത്ത അപകടത്തിനും ഇത് ഇടയാക്കുമായിരുന്നു.

യാത്രക്കാര്‍ ഇരിക്കുന്നതിനു തൊട്ടടുത്തുള്ള എന്‍ജിന്‍, പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധനം ഏറെ ഉയര്‍ന്ന ചൂടിലാണ് കത്തിക്കൊണ്ടിരിക്കുന്നത് എന്നതു കൂടി ഓര്‍ക്കുമ്പോഴാണ് ദുരന്തത്തിന്റെ ആഴം വ്യക്തമാകുകയെന്ന് വിദഗ്ധര്‍ പറയുന്നു. 15 മിനിറ്റു പോലുമില്ലായിരുന്നു രാവിലെ കടവന്ത്ര മുതല്‍ നെട്ടൂര്‍ വരെയുള്ള പറക്കല്‍ ദൈര്‍ഘ്യം. പെട്ടെന്നായിരുന്നു കാലാവസ്ഥ മാറി മഴയും കാറ്റുമുണ്ടായത്. അതുകൊണ്ടുതന്നെ പൈലറ്റിന്റെ പ്രവചനങ്ങള്‍ക്കും അപ്പുറത്തായി കാര്യങ്ങള്‍ എന്നതാണ് അപകടത്തിലേക്കു നയിച്ചതെന്നും പ്രാഥമിക വിലയിരുത്തലുണ്ട്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ എഡബ്ല്യു 109 എന്ന ഇരട്ട എന്‍ജിന്‍ 6+2 സീറ്റ് ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കപ്പെട്ട ഇതു ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകളുടെ വിഭാഗത്തില്‍ മള്‍ട്ടി പര്‍പസ് ഹെലികോപ്റ്ററാണ്- ഭാരം 1590 കിലോ. ഇറ്റലിയില്‍ ആദ്യമായി വ്യവസായാടിസ്ഥാനത്തില്‍ വന്‍തോതില്‍ നിര്‍മിക്കപ്പെട്ട ഹെലികോപ്റ്റര്‍കൂടിയാണ് എഡബ്ല്യു109. മണിക്കൂറില്‍ 285 കിലോമീറ്ററാണ് കൂടിയ വേഗം. ഒരു തവണ ഇന്ധനം നിറച്ചു പറന്നു പൊങ്ങിയാല്‍ 932 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ള ഇതിന്റെ വില ഏകദേശം 43 കോടി രൂപ വരും.

അപകടത്തില്‍ പെട്ടതോടെ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ എന്‍ജിനില്‍ ഉള്‍പ്പടെ വെള്ളം കയറിയിട്ടുണ്ടാകും.ആറുമാസം കൊണ്ട് ഹെലികോപ്റ്റര്‍ തിരികെ പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് ഹെലികോപ്റ്റര്‍ സേവന മേഖലയിലുള്ളവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News