കണ്ണൂർ : പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി കണ്ണൂരിലെത്തി അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ചു. ആത്മ സുഹൃത്തായിരുന്നു കോടിയേരിയെന്ന് യൂസഫലി അനുസ്മരിച്ചു. പതിനഞ്ച് കൊല്ലം മുമ്പ് കോടിയേരി ദുബായിൽ വന്നതോർമ്മിച്ച യൂസഫലി, കൊച്ചിയിലെ ലുലു മാളിലേക്കുള്ള തന്റെ ആദ്യചുവടുവെപ്പിന് കോടിയേരി നിമിത്തമായതും ഓർത്തെടുത്തു.
അദ്ദേഹത്തിന്റെ വാക്കുകൾ…
”ഒരു പതിനഞ്ച് കൊല്ലം മുമ്പ് അദ്ദേഹം ദുബായിൽ വന്നു. ഞങ്ങളുടെ ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റ് കാണാൻ അദ്ദേഹമെത്തി. എല്ലാം കണ്ട ശേഷം നമ്മുടെ കേരളത്തിലിങ്ങനൊന്ന് വേണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. യഥാർത്ഥത്തിൽ കൊച്ചിയിലെ ലുലുമോൾ ഉണ്ടാക്കാനാനുള്ള പ്രചോദനം തന്നത് ഞാൻ ബാലേട്ടനെന്ന് വിളിക്കുന്ന കോടിയേരിയാണ്. അദ്ദേഹം എന്റെ ആത്മ സുഹൃത്തായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണാനാണ് കണ്ണൂരിലേക്ക് വന്നതെന്നും” എംഎ യൂസഫലി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണൂരിലെ വീട്ടിലേക്ക് എത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. ഗവര്‍ണര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വിലാപയാത്രക്കിടെ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാന്‍ സൌകര്യമൊരുക്കിയിരുന്നു. മീത്തലെ പീടിക, മുഴപ്പിലങ്ങാട്, എടക്കാട്, ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൌകര്യമൊരുക്കിയത്. പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്ത് സംസ്‍ക്കാരം നടക്കും. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക. നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. സംസ്‍ക്കാരത്തിന് ശേഷം അനുശോചന യോഗം ചേരും. കണ്ണൂർ, തലശേരി , ധർമ്മടം, മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താൽ ആചരിക്കുകയാണ്. വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.