തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല.
അതേസമയം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധിനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് പോകുന്നതിനാല്‍ കേരളത്തിന് ഭീഷണിയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്‍.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. പത്തനംതിട്ടയില്‍ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അടൂര്‍, തിരുവല്ല താലൂക്കുകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധിയാണ്. റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.