ബോക്‌സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്‌നിലൂടെ ഇന്ത്യക്ക് വെങ്കലം. 64-69 കിലോ വിഭാഗം സെമിയില്‍ പരാജയപ്പെട്ടതോടെ ലവ്ലിനയുടെ പോരാട്ടം വെങ്കലത്തിളക്കത്തില്‍ അവസാനിച്ചു.

ലോകചാമ്പ്യന്‍ തുര്‍ക്കിയുടെ ബുസെനാസ് സൂര്‍മെനേലിയാണ് ലവ്ലിനയെ പരാജയപ്പെടുത്തിയത്. മൂന്ന് റൗണ്ടുകളിലും ഇന്ത്യന്‍ താരത്തിനു മേല്‍ വ്യക്തമായ മേല്‍ക്കൈ നേടിയാണ് ബുസെനാസ് ഫൈനല്‍ ടിക്കറ്റ് നേടിയത്.

ഒമ്പത് വര്‍ഷത്തിനു ശേഷമാണ് ഒളിമ്പിക്‌സ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യ മെഡല്‍ കണ്ടെത്തുന്നത്. മേരികോമിനു ശേഷം ഇന്ത്യക്കായി മെഡല്‍ നേടുന്ന വനിതാ താരമായി ലവ്ലിന. 2008 ല്‍ വിജേന്ദര്‍ സിംഗും 2012 ല്‍ മേരി കോമും ഒളിമ്പിക് ഇടിക്കൂട്ടില്‍നിന്നും മെഡല്‍ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News