ഡ്രെെവറെ ഇഷ്ടപ്പെട്ടു; 15 ലക്ഷത്തിന്റെ കാർ സമ്മാനിച്ച് അനുഷ്ക ഷെട്ടി

ചെന്നൈ:തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമാ രം​ഗത്ത് സജീവമായ അനുഷ്ക ഇന്ന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്തിരുന്ന അനുഷ്കയ്ക്ക് ഇന്ന് ഓരോ സിനിമ കഴിഞ്ഞും കരിയറിൽ ഇടവേള വരുന്നുണ്ട്. ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ അനുഷ്ക പക്ഷെ പിന്നീട് ചെയ്ത സിനിമകൾ വിരളമാണ്. സൂപ്പർസ്റ്റാർ സിനിമകളിൽ പ്രാധാന്യമില്ലാത്ത വേഷങ്ങൾ അനുഷ്ക ഇപ്പോൾ ചെയ്യുന്നില്ല.

18 വർഷത്തോളമായി സിനിമാരം​ഗത്ത് തുടരുന്ന അനുഷ്ക തുടക്കകാലത്ത് ​തെലുങ്കിലെയും, തമിഴിലെയും മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചു. 2009 ൽ പുറത്തിറങ്ങിയ അരുന്ധതി എന്ന സിനിമയ്ക്ക് ശേഷമാണ് ​ഗ്ലാമറസ് നായിക എന്നതിനപ്പുറം അനുഷ്കയെ പ്രേക്ഷകർ അം​ഗീകരിച്ച് തുടങ്ങിയത്. സെലക്ടീവാകുന്നു എന്നതിന് പുറമെ അനുഷ്കയുടെ കരിയറിൽ ഇടവേള വരുന്നതിനെക്കുറിച്ച് മറ്റ് വാദങ്ങളുമുണ്ട്.

Anushka Shetty

2015 ൽ പുറത്തിറങ്ങിയ സൈസ് സീറോ എന്ന സിനിമയിലെ കഥാപാത്രത്തിനായി അനുഷ്ക ശരീരഭാരം കൂട്ടിയിരുന്നു. പിന്നീട് ഈ വണ്ണം പൂർണമായും കുറയ്ക്കാൻ അനുഷ്കയ്ക്ക് കഴിഞ്ഞില്ലെന്നും നടിക്ക് നല്ല അവസരങ്ങൾ നഷ്ടമായെന്നുമാണ് സിനിമാ ലോകത്തെ സംസാരം. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് അനുഷ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിനിമകളിൽ അഭിനയിക്കുന്നു എന്നതിനപ്പുറം പൊതുവെ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കാനാ​ഗ്രഹിക്കുന്ന നടിയാണ് അനുഷ്ക. പൊതുവേദികളിൽ അപൂർവമായേ അനുഷ്കയെ കാണാറുള്ളൂ. വ്യക്തിജീവിതത്തിലെ കാര്യങ്ങളൊന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമില്ല.

അനുഷ്കയെക്കുറിച്ച് നടൻ ആര്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരും സൈസ് സീറോ, ഇരണ്ടാം ഉലകം എന്ന സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അനുഷ്ക നല്ല മനസ്സിന് ഉടമയാണെന്ന് ആര്യ പറയുന്നു. ഒരുമിച്ച് അഭിനയിക്കവെ ഉണ്ടായ മറക്കാനാവാത്ത സംഭവവും ആര്യ പങ്കുവെച്ചു.

Arya,  Anushka Shetty

‘സ്വീറ്റി ഷെട്ടി എന്നാണ് അവളുടെ പേര്. ശരിക്കും അവൾ വളരെ സ്വീറ്റാണ്. നിങ്ങൾ ഇൻഡസ്ട്രിയിലെ ആരോട് ചോദിച്ചാലും ഇതേ അഭിപ്രായമായിരിക്കും. വളരെ ജെനുവിനാണ്. അഭിനയിക്കുകയല്ല. ജോർജിയയിൽ ഷൂട്ട് ചെയ്യുകയായിരുന്നു. രണ്ട് മാസത്തോളം അവിടെയുള്ള ലോക്കൽ കാർ ഡ്രൈവർമാരാണ് ഞങ്ങൾക്ക് വേണ്ടി ഓടിയത്’

‘ഡ്രെെവറെ അനുഷ്കയ്ക്ക് ഇഷ്ടപ്പെട്ടു. തിരിച്ച് വരുമ്പോൾ ഡ്രെെവർക്ക് ഒരു കാറ് വാങ്ങിക്കൊടുത്തു. എനിക്കും പ്രൊഡ്യൂസർമാർക്കും ആശ്ചര്യമായി. ചെറിയ കാറല്ല. ആ സമയത്ത് 15 ലക്ഷത്തോളം വില വരുന്ന കാർ. ജോർജിയയിൽ ഇനി വാടക വണ്ടി ഓടിക്കേണ്ട, സ്വന്തം കാർ ഓടിക്കൂ എന്ന് പറഞ്ഞു,’ ആര്യ ഓർത്തു. ഒരാളെ ഇഷ്ടപ്പെട്ടാൽ അവർക്ക് വേണ്ടി എന്ത് സഹായം ചെയ്യാനും അനുഷ്ക മടിക്കില്ലെന്നും നടൻ വ്യക്തമാക്കി. നടിയെന്ന നിലയിൽ പ്ര​ഗൽഭരായ സംവിധായകരോടൊപ്പവും താരങ്ങൾക്കൊപ്പവും പ്രവർത്തിക്കാൻ അനുഷ്കയ്ക്ക് സാധിച്ചെന്നും ആര്യ ചൂണ്ടിക്കാട്ടി.

സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആര്യ. നടി നയൻതാരയെക്കുറിച്ചും ആര്യ അഭിമുഖത്തിൽ സംസാരിച്ചു. രാജാ റാണി ഞങ്ങൾക്ക് രണ്ട് പേർക്കും കരിയറിൽ പ്രധാനപ്പെട്ട സിനിമയായിരുന്നെന്ന് ആര്യ പറഞ്ഞു. കരിയറിൽ നിന്ന് ഇടവേളയെടുത്ത നയൻതാര തിരിച്ചു വരവിലാണ് രാജാ റാണി എന്ന സിനിമ ചെയ്യുന്നത്.

രാജാ റാണിയിലൂടെ സിനിമാ ലോകത്ത് വീണ്ടും ശക്തമായ സാന്നിധ്യമാകാൻ നയൻതാരയ്ക്ക് കഴിഞ്ഞെന്നും ആര്യ പറഞ്ഞു. ഒരു നടിയെ സംബന്ധിച്ച് സിനിമയിലേക്ക് തിരിച്ചുവരുന്നത് എളുപ്പമല്ല. എന്നാൽ നയൻതാരയ്ക്ക് അത് സാധിച്ചെന്നും ആര്യ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News