നാഗ്പൂർ: വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പ്രണയലേഖനം എഴുതുന്നതും അത് അവരുടെ ശരീരത്തിലേക്ക് എറിയുന്നതും ലൈംഗിക കുറ്റകൃത്യമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ഉത്തരവിട്ടു. വിവാഹിതയായ സ്ത്രീയ്ക്ക് പ്രണയലേഖനം എഴുതുന്നത് ലൈംഗിക കുറ്റകൃത്യമായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് കോടതി ചെയ്തത്. മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ 2011 ലെ ഒരു സംഭവത്തിൽ വാദം കേൾക്കവെയാണ് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 45 വയസുള്ള സ്ത്രീയോട് മോശമായി പെരുമാറിയ പ്രതികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്ക് 54 വയസ്സുണ്ട്, കൂടാതെ വീട്ടമ്മയായ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സെക്ഷൻ 354 പ്രകാരം ഒരു സ്ത്രീയെ പീഡിപ്പിക്കുന്ന കുറ്റകൃത്യത്തിന് രണ്ട് വർഷത്തെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ലഭിക്കാവുന്ന കുറ്റമാണ്. ഈ കേസിൽ 54 വയസ്സുള്ള ഒരാൾ 45 വയസ്സുള്ള സ്ത്രീയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു, ഇര വിവാഹിതയും ഒരു മകന്‍റെ അമ്മയുമാണ്. പ്രതി ഇരയ്ക്ക് ഒരു പ്രണയലേഖനം നൽകിയതായും ഇര പ്രണയലേഖനം വാങ്ങാൻ വിസമ്മതിച്ചതായും എഫ് ഐ ആറിൽ പറയുന്നു. എന്നാൽ കേസിൽ ഇരയായ സ്ത്രീ ഈ പ്രണയലേഖനം നിരസിച്ചതിന് ശേഷം, പ്രതി കത്ത് അവരുടെ ശരീരത്തിലേക്ക് എറിഞ്ഞ് ‘ഞാൻ നിന്നെ പ്രണയിക്കുന്നു’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അതിനൊപ്പം, ഇത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാഹിതയായ സ്ത്രീയുടെ ശരീരത്തിൽ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു കവിതയോ പ്രേമലേഖനമോ എറിയുന്നത് ലൈംഗികപീഡനമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.
അക്കോളയിലെ സിവിൽ ലൈൻ പോലീസ് ആണ് വീട്ടമ്മയുടെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. എന്നാൽ ഈ വിധി പ്രതികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. വാദപ്രതിവാദത്തിനൊടുവിൽ ഇപ്പോൾ ഹൈക്കോടതിയും പ്രതികളുടെ ശിക്ഷ ശരിവെക്കുകയായിരുന്നു.
“ഒരു സ്ത്രീയുടെ മാനം അവളുടെ ഏറ്റവും വലിയ സമ്പത്താണ്. ഒരു സ്ത്രീയുടെ ബഹുമാനം എപ്പോഴാണ് അസ്വസ്ഥമാകുന്നത് അല്ലെങ്കിൽ ഉപദ്രവിക്കപ്പെടുന്നത് എന്നതിന് വ്യക്തമായ വിശദീകരണമില്ല. അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ താൽപര്യമില്ലാത്ത പ്രണയം പ്രകടിപ്പിക്കുന്ന കവിതയുള്ള ഒരു കത്ത് സ്ത്രീയുടെ ശരീരത്തിലേക്ക് എറിയുന്നത് ലൈംഗികപീഡനമാണ്”- വിധി പ്രസ്താവത്തിൽ കോടതി വ്യക്തമാക്കി.
പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണായിക്കിയ യുവാവിന് മരണം വരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കോഴിക്കോട് കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചു. ഇതു കൂടാതെ 1.6 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതി പിഴ ഒടുക്കിയാൽ ഒരു ലക്ഷം രൂപ ലീഗൽ സർവീസസ് അതോറിറ്റി വഴി പെൺകുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. സംഭവത്തിന് ശേഷം പെൺകുട്ടിക്ക് നേരിട്ട മാനസികാഘാതത്തിന് നഷ്ടപരിഹാരമായാണ് പിഴത്തുകയെന്നും കോടതി വ്യക്തമാക്കി. പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്.
2020 മേയ് ഒന്നിന് കുട്ടി ശുചിമുറിയിൽ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രി വഴിയാണ് വെള്ളയിൽ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടുകൂടുകയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുമായിരുന്നു. ആശുപത്രി വഴി ലഭിച്ച പരാതിയില്‍ ഡി.എന്‍.എ പരിശോധനാഫലം അടക്കം കുറ്റപത്രം 90 ദിവസത്തിനകം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല.
പ്രതിക്കെതിരെ സമാനമായ മറ്റ് പരാതികളുണ്ടെന്നും കേസുകൾ നിലവിലുണ്ടെന്നും വ്യക്തമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ കേസ് ഉണ്ട്. സ്കൂളുകള്‍ക്ക് മുന്നില്‍ ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ വലയിലാക്കുന്ന പ്രതി, കുട്ടിയുടെ വീട്ടിലാളില്ലാത്ത സമയം പീഡിപ്പിച്ചെന്നാണ് കേസ്.
കോവിഡ് സമയമായിരുന്നിട്ടും വളരെ വേഗം അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് സാധിച്ചു. 2021 മാർച്ചിൽ ആരംഭിച്ച വിചാരണ നടപടികൾക്കൊടുവിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കേസില്‍ ഇരയായ പെണ്‍കുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ചു. വെള്ളയില്‍ സ്റ്റേഷൻ ഹൌസ് ഓഫീസർ ജി. ഗോപകുമാറാണ് അന്വേഷിച്ചത്. കണ്ണൂര്‍ ഫോറന്‍സിക് ഡി.എന്‍.എ വിഭാഗം അസി. ഡയറക്ടര്‍ അജേഷ് തെക്കടവനാണ് ഡി. എന്‍. എ പരിശോധന നടത്തിയത്.