തിരുവനന്തപുരം:എസ്.എ.പി ക്യാമ്പിലെ റൈഫിള്‍ ശേഖരത്തില്‍ 25 തോക്കുകള്‍ കുറവാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നേരിട്ട് നടത്തിയ പരിശോധനയില്‍ ആകെയുള്ള 660 തോക്കുകളില്‍ 647 എണ്ണവും നേരിട്ടുകണ്ട് പരിശോധിച്ചതായി ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി അറിയിച്ചു.
ബാക്കിയുള്ള 13 തോക്കുകള്‍ ഇന്ത്യ റിസര്‍വ്വ് പോലീസ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മണിപ്പൂരില്‍ ഡ്യൂട്ടിയ്ക്ക് കൊണ്ടു പോയതായി മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ അവരുമായി വീഡിയോ കോള്‍ മുഖേന സംസാരിക്കുകയും അവരുടെ കൈവശമുള്ള തോക്കുകളുടെ ബോഡി നമ്പറും മറ്റും പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഡി.വൈ.എസ്.പി അനില്‍ കുമാറിന്‍റെയും മറ്റ് ഉദ്യോഗസ്ഥരുടേയും മുമ്പാകെയാണ് തോക്കുകള്‍ ഹാജരാക്കിയത്.
എസ്.എ.പിയിലെ സഭാഹാളില്‍ കൊണ്ടുവന്ന തോക്കുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഓരോന്നായി പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തി. അതിന്‍റെ വെളിച്ചത്തില്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ 25 തോക്കുകള്‍ കാണാതായെന്ന പരാമര്‍ശം ശരിയല്ലെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ തിരകള്‍ കാണാതായത് സംബന്ധിച്ച് സി.എ.ജിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണം ക്രൈംബ്രാഞ്ച് തുടരുകയാണ്. ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയുന്ന എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രണ്ട് മാസത്തിനുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തോക്കുകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്.