പോലീസിനെ കണ്ട് ഭയന്നോടിയ ലോറി തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം: പോലീസിനെ കണ്ട് ഭയന്നോടിയ ലോറി തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ ഫാരിസാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ കന്മനം കണ്ടമ്പാറയിലാണ് സംഭവം.

തിരുന്നാവായയില്‍ നിന്നും മണല്‍ കയറ്റിവന്ന ലോറിയെ രണ്ട് വാഹനങ്ങളിലായി പിന്തുടര്‍ന്ന കല്‍പ്പകഞ്ചേരി പോലീസ് കണ്ടമ്പാറയില്‍ വെച്ച് വാഹനത്തെ തടഞ്ഞു. പൊലീസിനെ കണ്ട് ഭയന്ന യുവാക്കള്‍ ഓടി ഒളിക്കുകയായിരുന്നു. പിന്നീട് ഇതില്‍ ഒരാളുടെ മൃതദേഹം തെട്ട് അടുത്തുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

അതേസമയം, മരിച്ച സല്‍മാന്‍ ഫാരിസും ഡ്രൈവറും പോലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പോലീസ് ഇവരെ പിന്തുടരുന്നതും, തിരച്ചില്‍ നടത്തുന്നതും സമീപത്തെവീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കല്‍പകഞ്ചേരി പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹം ആംബുലന്‍സില്‍ വെച്ച് പ്രതിഷേധിച്ചു.

പോലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയത്. വളാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News