കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ ലോറി ബൈക്കുകളിൽ ഇടിച്ച് അപകടം. രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ ലിസ ആൻറണി, നസീബ് എന്നിവരാണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ രവീന്ദ്രൻ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മരിച്ച രണ്ട് പേരും പറവൂർ സ്വദേശികളാണ്. സംഭവത്തെ തുടർന്ന് ലോറിയുടെ രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചിരുന്നു. ഏങ്ങണ്ടിയൂർ തിരുമംഗലം സ്വദേശി അംബുജാക്ഷൻ ആണ് മരിച്ചത്. ബാബു, ജോസഫ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.
നിലമ്പൂരിൽ മരണക്കിണർ അഭ്യാസത്തിനിടെ ബൈക്ക് റൈഡർ തെന്നി വീണിരുന്നു. ഇതര സംസ്ഥാനത്ത് നിന്നുള്ള ബൈക്ക് റൈഡറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
ആലപ്പുഴ കായംകുളത്ത് ആഭ്യന്തര സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. വി വേണു ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. കൊറ്റക്കുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വി വേണു, ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരിക്കേറ്റത്.
കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം ഉണ്ടായി. കളമശേരി തേവയ്ക്കലിൽ കേബിൾ കുരുങ്ങി ബൈക്ക് യാത്രിക്കാരനാണ് പരക്കേറ്റത്. തേവയ്ക്കൽ സ്വദേശി എകെ ശ്രീനിക്കാണ് പരിക്കേറ്റത്. കളമശേരി മെഡിക്കൽ കൊളേജിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് ആറരയോടെയാണ് അപകടം.