NationalNews

നയപ്രഖ്യാപനം ‘വെട്ടി’ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്റെ പ്രമേയം; സഭയിൽനിന്ന് ഇറങ്ങിപ്പോയി ആർ.എൻ.രവി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ ഇറങ്ങിപ്പോയി ഗവർണർ ആർ.എൻ.രവി. നയപ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ തയാറാക്കിയ പ്രസംഗം മാത്രം അംഗീകരിക്കണമെന്നും ഗവർണർ ചേർത്തതോ ഒഴിവാക്കിയതോ ആയ ഭാഗങ്ങൾ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അവതരിപ്പിച്ച് പ്രമേയം സഭ പാസാക്കിയതിനു പിന്നാലെയാണ് ഗവർണറുടെ ഇറങ്ങിപ്പോക്ക്. ദേശീയഗാനം ആലപിക്കുന്നതിനു പോലും കാത്തു നിൽക്കാതെയായിരുന്നു ഗവർണറുടെ ‘വോക്കൗട്ട്’.

തമിഴ്‌നാടിനെ സമാധാനത്തിന്റെ തുറമുഖമെന്ന് വിശേഷിപ്പിച്ച് മതനിരപേക്ഷതയെക്കുറിച്ചും പെരിയോർ, ബി.ആർ.അംബേദ്കർ, കെ.കാമരാജ്, സി.എൻ.അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെക്കുറിച്ചുമുള്ള പരാമർശങ്ങളുള്ള സംസ്ഥാന സർക്കാർ തയാറാക്കിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയിരുന്നു.

ഭരണകക്ഷിയായ ഡിഎംകെ ഉയർത്തിപ്പിടിക്കുന്ന ‘ദ്രാവിഡ മാതൃക’യെക്കുറിച്ചുള്ള പരാമർശവും അദ്ദേഹം വായിച്ചില്ല. ഇതിനു പിന്നാലെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. ഗവർണറുടെ നടപടി നിയമസഭാ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് എം.കെ.സ്റ്റാലിൻ പ്രമേയത്തിൽ വ്യക്തമാക്കി.

ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഎം എന്നിവർ നേരത്തെ ഗവർണറുടെ പ്രസംഗം ബഹിഷ്‌കരിച്ചിരുന്നു. തമിഴ്നാടിന്റെ പേര് മാറ്റണമെന്ന ഗവർണറുടെ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായത്. തമിഴ്നാട് എന്ന പേര് വിഭജനത്തെ സൂചിപ്പിക്കുന്നതാണ്.

‘തമിഴകം’ എന്നായി അതിനെ മാറ്റണമെന്നും നേരത്തെ ഗവർണർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് നയപ്രഖ്യാപനത്തിൽ വിശദീകരിക്കാൻ ശ്രമിച്ചതോടെയാണ് ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.

‘‘താങ്കൾ ഗവർണറാണോ, അതോ ചൂതാട്ട കമ്പനികളുടെ ഒത്താശക്കാരനാണോ’’ എന്നും ചില അംഗങ്ങൾ ഇറങ്ങിപോകുന്നതിനിടെ വിളിച്ചുചോദിച്ചു. ഓൺലൈൻ ചൂതാട്ട നിരോധന ബിൽ പാസാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഒപ്പിടാൻ തയാറാവാത്തതിനെ സൂചിപ്പിച്ചായിരുന്നു അത്. ഇതുൾപ്പെടെ നിയമസഭ പാസാക്കിയ 21 ബില്ലുകൾ ഒപ്പിടാതെ ഗവർണർ മാറ്റി വച്ചിരിക്കുകയാണ്.

ഗവർണർക്കെതിരെ നിയമസഭയിൽ ‘ക്വിറ്റ് തമിഴ്‌നാട്’ മുദ്രാവാക്യം മുഴങ്ങി. ‘ബിജെപി, ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കരുത്’ എന്ന മുദ്രാവാക്യം ഭരണകക്ഷിയായ ഡിഎംകെ എംഎൽഎമാരും  മുഴക്കി. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരും ഗവർണറും തമ്മിൽ ഏറെക്കാലമായി ഭിന്നാഭിപ്രായത്തിലാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ ഉൾപ്പെടെ സമീപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker