ഹൈദരാബാദ്:കഴിഞ്ഞ ദിവസമായിരുന്നു പ്രഭാസ്, സേഫ് അലിഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആദി പുരുഷ് എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തിയത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും വിവാദങ്ങളും ഉടലെടുത്തിരുന്നു.ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാമായണം സീരിയലില്‍ സീതയായി ശ്രദ്ധനേടിയ ദിപിക ചിഖലിയാ.
രാവണന്റെ കഥാപാത്രത്തെ കാണുമ്പോള്‍ മുഗളന്‍മാരെപ്പോലെ തോന്നുന്നുവെന്നും പ്രേക്ഷകരുടെ വികാരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാനിക്കണമെന്നും ദിപിക പറഞ്ഞു. സിനിമ നന്നാകണമെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കണം. ശ്രീലങ്കയില്‍ നിന്നുള്ള കഥാപാത്രമാണെങ്കില്‍ ഒരിക്കലും മുഗളന്‍മാരെപ്പോലെയാകരുത്. എന്നാല്‍ ഇതില്‍ മുഗളരുടെ ഛായയാണ് തോന്നുന്നത്.
ഇന്ന് കാലം മാറിയതിന് അനുസരിച്ച് സിനിമയില്‍ എഫ്എക്‌സ് വലിയ പങ്കുവഹിക്കുന്നു. എന്നാല്‍ പ്രേക്ഷകരുടെ വികാരത്തെ മാനിക്കണം. ചെറിയ ടീസര്‍ വച്ച് സിനിമയെ വിലയിരുത്താനില്ല. സിനിമ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിപിക പറഞ്ഞു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറിനെതിരെ രുക്ഷവിമര്‍ശനവും പരിഹാസവുമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളില്‍ ഹൃദയം തകരുന്നുവെന്നാണ് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞു. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നാണ് സംവിധായകന്‍ പറയുന്നത്.
പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. സിനിമയിലെ മോശം വി.എഫ്.എക്‌സ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. ടീസറിന് ട്രോളുകള്‍ കൂടിയതോടെ പ്രമുഖ വി.എഫ്.എക്‌സ്. കമ്പനിയായ എന്‍.വൈ. വി.എഫ്.എക്‌സ് വാല തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.