തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ആറുപ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരിം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, കിരണ്‍, മുന്‍ കമ്മിഷന് ഏജന്റ് ബിജോയ്, റെജി, അനില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അതിനിടെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ബിജു കരിം, ജില്‍സണ്‍, റെജി, അനില്‍കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. ജാമ്യം നല്‍കരുതെന്ന് നേരത്തെ പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റ് വൈകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികളായ ബിജോയ്, സുനില്‍ കുമാര്‍ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ മാസം 9നാണ് ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിക്കുക.
പ്രതികള്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഉള്‍പ്പടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരും സിപിഐഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. എന്നാല്‍ ലോക്കല്‍ പോലീസ് എഫ്ഐആര്‍ ഇട്ടപ്പോള്‍ മുതല്‍ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് ആസ്തി എത്രയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.