തിരുവനന്തപുരം: കോവിഡ് 19 ഭീഷണിക്കിടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്കൊപ്പം അവലോകന യോഗത്തിലും പൊതു പരിപാടിയിലും പങ്കെടുത്തത് വിവാദമാകുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്കായുള്ള നിരീക്ഷണ നിയന്ത്രണം ലംഘിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം നിയമാനുസൃതമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പരിപാടികളില്‍ പങ്കെടുത്തതെന്നാണ് ഡിജിപിയുടെ വിശദീകരണം.
കോവിഡ് 19 ബാധിത പ്രദേശത്ത് നിന്നെത്തുന്നവര്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ പോലും 28 ദിവസം വീട്ടില്‍ കഴിയണമെന്നാണ് ആരോഗ്യ കുപ്പിന്റെ നിര്‍ദേശം. രോഗബാധിതനാകാനുള്ള സാധ്യത കുറവാണെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. മാര്‍ച്ച് രണ്ടിനാണ് സംസ്ഥാന പോലീസ് മേധാവി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ബ്രിട്ടനില്‍ പോയത്. മാര്‍ച്ച് ആറിന് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് 19 മാര്‍ഗനിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ലംഘിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്.
കൂടാതെ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും, ചീഫ് സെക്രട്ടറിയുമടക്കം പങ്കെടുത്ത കൊവിഡ് 19 അവലോകന യോഗത്തില്‍ ഡിജിപി പങ്കെടുക്കുകയും ചെയ്തു. നിയമസഭയ്ക്ക് മുന്നില്‍ നടന്ന പൊതുപരിപാടിയിലും പോലീസ് ആസ്ഥാനത്തെ സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട പരിപാടിയിലും ഡിജിപി പങ്കെടുത്തിരുന്നു. എന്നാല്‍ തിരിച്ച് വന്ന കാലയളവില്‍ ആരോഗ്യവകുപ്പിന്റെ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് ഡിജിപിയുടെ വിശദീകരണം.